National

‘മണിപ്പൂരിലെ ജനങ്ങളെ പ്രതിപക്ഷം വഞ്ചിച്ചതിൽ ദുഃഖമുണ്ട്’; മോദി


പ്രതിപക്ഷ സഖ്യത്തിനെതിരെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന് മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്നില്ലെന്ന് വിമർശനം. മണിപ്പൂരിലെ ജനങ്ങളോട് പ്രതിപക്ഷം വഞ്ചന കാട്ടിയതിൽ ദുഃഖമുണ്ട്. ദാരിദ്ര്യം തുടച്ചുനീക്കുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടുവെന്നും മോദി. പശ്ചിമ ബംഗാളിലെ ഹൗറയിൽ നടക്കുന്ന ബിജെപിയുടെ പഞ്ചായത്തീരാജ് പരിഷത്ത് പരിപാടിയിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

“ഞങ്ങൾ പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെടുത്തി, രാജ്യത്തുടനീളം നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നവർക്ക് ഉചിതമായ മറുപടി നൽകി. അവിശ്വാസ പ്രമേയത്തിൽ വോട്ട് ചെയ്യാൻ അവർക്ക് ഭയമായിരുന്നു എന്നതാണ് സത്യം” പ്രധാനമന്ത്രി പറഞ്ഞു. വടക്കുകിഴക്കൻ മേഖലയെ പ്രതിപക്ഷം അവഗണിച്ചു. മണിപ്പൂർ ചർച്ച തടസ്സപ്പെടുത്തി. പ്രതിപക്ഷം പാർലമെന്റിൽ നിന്ന് ഇറങ്ങിപ്പോയി. ഇത് എല്ലാം രാജ്യം മുഴുവൻ കണ്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളിൽ ഉണ്ടായ അക്രമങ്ങളിൽ തൃണമൂൽ കോൺഗ്രസിനെയും അദ്ദേഹം വിമർശിച്ചു. തൃണമൂലിന്റേത് അക്രമ രാഷ്ട്രീയം. ബംഗാൾ തെരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ബിജെപി സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി ബൂത്ത് പിടിച്ചെടുക്കുകയായിരുന്നുവെന്നും മോദി ആരോപിച്ചു. ഭീഷണികളെ അവഗണിച്ച് തെരഞ്ഞെടുപ്പിൽ വിജയിച്ച പാർട്ടി അംഗങ്ങളെയും മോദി അഭിനന്ദിച്ചു.