National

രാജ്യത്ത് പാസഞ്ചർ ട്രെയിൻ സർവീസിന് ഇന്ന് തുടക്കം; കേരളത്തിലേക്ക് നാളെ

കേരളത്തിലേക്ക് ആദ്യ ട്രെയിൻ ബുധനാഴ്ച ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടും. ഐആര്‍സിടിസി വഴി ആരംഭിച്ച ടിക്കറ്റ് വിൽപ്പന മിനുറ്റുകൾക്കകമാണ് പൂർത്തിയായത്.

രാജ്യത്ത് പാസഞ്ചർ ട്രെയിൻ സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കും. കേരളത്തിലേക്ക് ആദ്യ ട്രെയിൻ ബുധനാഴ്ച ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടും. കേരളത്തിലേക്ക് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് ഐആര്‍സിടിസി വഴി ആരംഭിച്ച ടിക്കറ്റ് വിൽപ്പന മിനുറ്റുകൾക്കകമാണ് പൂർത്തിയായത്.

രാജ്യത്തെ 15 പ്രധാന നഗരങ്ങളിലേക്ക് ഡൽഹിയിൽ നിന്നും 15 ട്രെയിനുകളാണ് പ്രത്യേക സർവീസ് നടത്തുക. കേരളത്തിലേക്ക് ആഴ്ചയിൽ മൂന്ന് ട്രെയിനുകളാണുള്ളത്. ആദ്യത്തെ ഡൽഹി – തിരുവനന്തപുരം യാത്ര ബുധനാഴ്ച രാവിലെ 10.55ന് ആരംഭിക്കും. ചൊവ്വ, ബുധൻ, ഞായർ ദിവസങ്ങളിൽ ഈ സർവീസ് ഉണ്ടാകും. തിരുവനന്തപുരം – ഡൽഹി സർവീസ് വെള്ളിയാഴ്ച വൈകീട്ട് 7.45നാണ് ആരംഭിക്കുക. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഈ സർവീസ് തുടരും.

തിരുവനന്തപുരം ഒഴിച്ചാൽ കോഴിക്കോടും എറണാകുളത്തുമാണ് സ്റ്റോപ്പുള്ളത്. കേരളത്തിന് പുറത്ത് മംഗലാപുരം, മഡ്ഗാവ്‌, പൻവേൽ, വഡോദര, കോട്ട എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പുണ്ടാകും. ബുധൻ, ഞായർ ദിവസങ്ങളിലെ ഡൽഹി – തിരുവനന്തപുരം ട്രെയിനിന്‍റെ ടിക്കറ്റ് വിറ്റ് തീർന്നു. വെള്ളിയാഴ്ച്ചത്തെ തിരുവനന്തപുരം – ഡൽഹി ട്രെയിനിന്‍റെ ടിക്കറ്റ് വിൽപ്പനയും പൂർത്തിയായി.

ബുക്കിംഗ് തുടങ്ങി മിനുറ്റുകൾക്കകമാണ് രാജ്യത്തെ പല ട്രെയിൻ സർവീസുകളുടെയും ടിക്കറ്റ് വിറ്റ് പോയത്. ഡൽഹി – തിരുവനന്തപുരം 2930 രൂപയും തിരുവനന്തപുരം – ഡൽഹി ട്രെയിനിന്‍റെ ടിക്കറ്റ് നിരക്ക് 2890 രൂപയുമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള പ്രവർത്തന മാർഗ നിർദേശങ്ങൾ പാലിച്ചാകും ട്രെയിനുകൾ സർവീസ് നടത്തുക.