HEAD LINES National

പഴയ പാര്‍ലമെന്റ് മന്ദിരത്തിന് വിട; ഇനിമുതല്‍ സമ്മേളനം പുതിയ മന്ദിരത്തില്‍

പഴയ പാര്‍ലമെന്റിന് വിട നല്‍കി ഇന്നു മുതല്‍ സമ്മേളനം പുതിയ മന്ദിരത്തില്‍. പ്രത്യേക സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ ഇരു സഭകളും ചേരുക പുതിയ മന്ദിരത്തിലാകും. രാവിലെ 9.30ന് പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിന് സമീപത്തുവെച്ച് ഇരു സഭകളിലെയും അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കും.(Parliament special session Both Houses to meet in new building today)

സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനം ചേര്‍ന്നശേഷം 12.35ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ പുതിയ മന്ദിരത്തിലേക്ക് നീങ്ങും. 1.15ന് പുതിയ മന്ദിരത്തിലെ ഇരുസഭകളിലും പ്രത്യേകസമ്മേളനം നടക്കും. ഈ മാസം 22 വരെ സമ്മേളനം ചേരും. മേയ് 18-നാണ് പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തതെങ്കിലും പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല.

രണ്ട് അജണ്ടകള്‍ മാത്രമാണ് ഇന്നത്തെ യോഗത്തിലുള്ളത്. വനിതാ സംവരണ ബില്‍ അടക്കമുള്ളവ നാളെയായിരിക്കും നടക്കുക. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ ബില്ല് വനിതാ സംവരണം തന്നെയാകുമെന്നാണ് കരുതുന്നത്. സ്ത്രീകള്‍ക്ക് ഇരുസഭകളിലും 33 ശതമാനം സംവരണം നല്‍കുന്ന ബില്ല് പാസാക്കിയെടുത്താല്‍ അത് സഭാചരിത്രത്തിലെ തന്നെ നിര്‍ണായക ഏടായിമാറും.