National

ഇന്ത്യയിലെ പൊലീസുകാരില്‍ 10.5% മാത്രം സ്ത്രീകള്‍; മൂന്നിലൊന്ന് സ്‌റ്റേഷനില്‍ മാത്രം സിസിടിവി

രാജ്യത്തെ ആകെ പൊലീസുകാരില്‍ 10.5% മാത്രമാണ് സ്ത്രീകളെന്ന് പഠനറിപ്പോര്‍ട്ട്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി ആകെ സേനയിലെ അംഗങ്ങളുടെ കണക്കിലെടുപ്പാണ് സ്ത്രീകള്‍ ഇത്രയും കുറവുള്ളത്. വനിതാ പൊലീസുകാരുടെ സ്റ്റേഷനുകളില്‍ മൂന്നിലൊന്നില്‍ മാത്രമാണ് സിസിടിവി ഉള്ളതെന്നും ഇന്ത്യന്‍ ജസ്റ്റിസ് റിപ്പോര്‍ട്ടിലെ കണ്ടെത്തലില്‍ പറയുന്നു.

2021 ജനുവരി വരെയുള്ള കണക്കില്‍ രാജ്യത്തെ 41 ശതമാനം പോലീസ് സ്റ്റേഷനുകളിലും സ്ത്രീകള്‍ക്കായി ഹെല്‍പ്പ് ഡെസ്‌കുകള്‍ സ്ഥാപിച്ചിട്ടില്ലെന്ന് കണ്ടെത്തി. എല്ലാ ജില്ലകളിലും സൈബര്‍ സെല്ലുള്ളത് 14 സംസ്ഥാനങ്ങളില്‍ മാത്രമാണ്. പൊലീസ് സേനയുടെ നവീകരണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കൂട്ടായ്മയാണ് ഇന്ത്യ ജസ്റ്റിസ് റിപ്പോര്‍ട്ടില്‍ ഈ കണ്ടെത്തലുകള്‍ തയ്യാറാക്കിയത്. ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് പുറത്തിറക്കിയ ‘ഡാറ്റ ഓണ്‍ പോലീസ് ഓര്‍ഗനൈസേഷനില്‍’ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ടുകളില്‍ സേനയിലെ സ്ത്രീകളുടെ പ്രാതിനിധ്യം, റിക്രൂട്ട്‌മെന്റിലെ കൃത്യത, എസ്സി,എസ്ടി ,ഒബിസി നിയമനങ്ങള്‍ എന്നിവയില്‍ മിക്ക സംസ്ഥാനങ്ങളും വീഴ്ച വരുത്തിയതായി കണ്ടെത്തി. പൊലീസ് സേനയുടെ നവീകരണത്തിനായി അനുവദിക്കുന്ന ഫണ്ടുകളിലും വ്യാപക ക്രമക്കേടുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പൊലീസ് സേനയില്‍ സ്ത്രീകള്‍ക്ക് 30% സംവരണം ഉണ്ടെങ്കിലും സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള മുഴുവന്‍ സേനയുടെ 10.5 ശതമാനം മാത്രമാണ് സ്ത്രീകള്‍. 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത് 5 ശതമാനമോ അതില്‍ കുറവോ ആണ്.

തമിഴ്‌നാട്, ഗുജറാത്ത്, ബിഹാര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ വനിതാ പൊലീസുകാരുള്ളത്. ആന്ധ്രാപ്രദേശിലാണ് ഏറ്റവും കുറവുള്ളത്. മധ്യപ്രദേശും ജാര്‍ഖണ്ഡുമാണ് പിന്നിലുള്ളത്. സേനയില്‍ സത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നതിനായി 30ലധികം വര്‍ഷം രാജ്യമിനിയും എടുക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.