പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയിലെത്തും. അധികാരമേറ്റതിനുശേഷമുള്ള അഞ്ചാം യു.എ.ഇ. സന്ദർശനമാണിത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്യും. ഊർജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സാമ്പത്തികരംഗത്തെ സാങ്കേതികവിദ്യ, പ്രതിരോധം, സംസ്‌കാരം തുടങ്ങിയ മേഖലകളിൽ കൂടുതൽ കരാറുകൾക്ക് സാധ്യതയുണ്ട്.
അതേസമയം, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി പാരീസിലെ എലിസി പാലസിൽ ഇന്നലെ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഭീകരവാദത്തിനെതിരെ ഇന്ത്യയും ഫ്രാൻസും ഒരുമിച്ച് പോരാടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എലിസി പാലസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു പ്രഖ്യാപനം.ഫ്രാൻസ് ഇന്ത്യയുടെ സ്വാഭാവിക പങ്കാളിയാണ്. ഫ്രാൻസിൽ ഇന്ത്യയുടെ യുപിഐ ഉപയോഗിക്കാൻ ധാരണയായി. ഇനി ഫ്രാൻസ് സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് യുപിഐ വഴി ഇന്ത്യൻ രൂപയിൽ പണം നൽകാൻ കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിൻറെ 25-ാം വാർഷികം ആഘോഷിക്കുകയാണ്. കഴിഞ്ഞ 25 വർഷത്തെ ശക്തമായ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ, അടുത്ത 25 വർഷത്തേക്ക് ഇരു രാജ്യങ്ങളും ഇപ്പോൾ ഒരു റോഡ്മാപ്പ് തയ്യാറാക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.