ഫേസ് ബുക്ക് മേധാവി മാർക്ക് സുക്കർബർഗിന് തൊട്ടുപിന്നിലായാണ് മുകേഷ് അംബാനി പട്ടികയിൽ ഇടംപിടിച്ചത്.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ ധനികനായി. 5.61 ലക്ഷം കോടിയാണ് മുകേഷ് അംബാനിയുടെ ആസ്തി. ഫോർബ്സ് മാസികയാണ് ലോകസമ്പന്നരുടെ പട്ടികയും അവരുടെ ആസ്തിയും പുറത്തുവിട്ടത്. ഫേസ് ബുക്ക് മേധാവി മാർക്ക് സുക്കർബർഗിന് തൊട്ടുപിന്നിലായാണ് മുകേഷ് അംബാനി പട്ടികയിൽ ഇടംപിടിച്ചത്.
ഫോർബ്സിന്റെ പട്ടികയിൽ ആമസോൺ സിഇഒ ജെഫ് ബെസോസ് തന്നെയാണ് ഇപ്പോഴും ഒന്നാമതുള്ളത്. 183.7 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ബാറൻ ബഫറ്റിനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അംബാനിയുടെ മുന്നേറ്റം. ബിൽ ഗേറ്റ്സ്, ബർണാർഡ് അർനോൾട്ട്, മാർക് സുക്കർബർഗ് എന്നിവരാണ് തൊട്ടു പിന്നിലുള്ളത്. അംബാനി കഴിഞ്ഞാൽ ഒറക്കിൾ സഹസ്ഥാപകൻ ലാറി എല്ലിസൺ, മുൻ മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാൽമർ, ടെസ്ലയുടെ എലോൺ മസ്ക്, ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജ് എന്നിവരാണ് ഏഴ് മുതൽ 10 വരെ സ്ഥാനങ്ങളിലുള്ളത്.
റിലയൻസ് ഇന്റസ്ട്രീസിന്റെ ഓഹരിയിൽ പകുതിയും അംബാനിയുടേതാണ്. ജിയോയിലേക്ക് ലോകത്തെ വൻകിട കമ്പനികൾ നിക്ഷേപവുമായി എത്തിയതോടെയാണ് അംബാനിക്ക് വൻ നേട്ടം സാധ്യമായത്. റിലയൻസ് ഇന്റസ്ട്രീസിന്റെ ഓഹരി മൂല്യം 2010 രൂപ എന്ന റെക്കോർഡിലെത്തിയിരുന്നു.