National

മംഗളൂരു സ്‌ഫോടനക്കേസ്; മുഹമ്മദ് ഷാരിഖിന്റെ കേരള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍

മംഗളൂരു സ്‌ഫോടനത്തില്‍ പ്രതി മുഹമ്മദ് ഷാരിഖിന്റെ കേരള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍. പ്രതി മുഹമ്മദ് ഷാരിഖ് കേരളത്തിലെത്തിയത് സാമ്പത്തിക സമാഹരണത്തിനെന്ന് അന്വേഷണ സംഘം കണ്ടെത്തി. മുഹമ്മദ് ഷാരിഖ് സന്ദര്‍ശിച്ചവരുടെ വിശദാംശങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു. ഇയാള്‍ നഗരങ്ങളിലും തീരദേശ മേഖലകളിലും താമസിച്ച് നിരവധി കൂടിക്കാഴ്ചകള്‍ നടത്തി. ഷാരിഖ് കൊച്ചിയില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ സമാഹരിച്ചോയെന്നും പരിശോധിക്കുന്നുണ്ട്.

സ്ഫോടനത്തിന് മുന്‍പ് ഷാരിഖ് ട്രയല്‍ നടത്തിയിരുന്നെന്ന് എന്‍ഐഎ അറിയിച്ചിരുന്നു. സ്ഫോടനം നടക്കുന്നതിന് ഒരാഴ്ച മുന്‍പ് ശിവമോഗയിലെ ഒരു വനമേഖലയില്‍ വച്ച് പ്രതി ട്രയല്‍ നടത്തിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. മംഗളൂരു സ്ഫോടനക്കേസില്‍ കേരളത്തിലും തമിഴ്നാട്ടിലും സമാന്തര അന്വേഷണം നടക്കുന്നുവെന്ന് കര്‍ണാടക ആഭ്യന്തരരമന്ത്രി അരഗ ജ്ഞാനേന്ദ്ര കുമാര്‍ പറഞ്ഞിരുന്നു.

പ്രതിക്ക് കേരള ബന്ധമുണ്ടെന്ന് നേരത്തെ തന്നെ കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ സൂചന പങ്കുവച്ചിരുന്നു. മുഖ്യപ്രതി തീവ്രവാദ സംഘത്തിലെ അംഗമാണെന്നും പലതവണ കേരള സന്ദര്‍ശനം നടത്തിയെന്നും കര്‍ണാടക ഡിജിപി പറഞ്ഞു. കേരളം കൂടാതെ തമിഴ്‌നാട്ടിലും പ്രതി സന്ദര്‍ശനം നടത്തി. ഇതിന്‍രെ അടിസ്ഥാനത്തില്‍ ഇരു സംസ്ഥാനത്തും പൊലീസ് പരിശോധന നടത്തുന്നുണ്ട്.