ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ സൈനിക നടപടി ആറാം ദിവസത്തിലേക്ക്. ഗരോള്‍ വനമേഖലയിലെ ഒളിത്താവളങ്ങളില്‍ കഴിയുന്ന ഭീകരരെ പിടികൂടുക എന്ന ദുഷ്‌ക്കരമായ ദൗത്യത്തിനാണ് സംയുക്ത സേന ശ്രമിക്കുന്നത്. സംയുക്ത സുരക്ഷാസേനയുടെ തിരച്ചില്‍ ഇന്നലെ 5 ആം ദിവസവും ഗാറോള്‍ വന മേഖല കേന്ദ്രീകരിച്ചായിരുന്നു.
ഭീകരര്‍ ജനവാസമേഖലകളിലേക്കു കടക്കാതിരിക്കാനായി സംയുക്ത സേന എറെ കരുതലോടെ ആണ് പരിശ്രമിക്കുന്നത്. കൂടുതല്‍ ഗ്രാമങ്ങളില്‍ സുരക്ഷാ സവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് കാട്ടിലെ നിരീക്ഷണം.
ബുധനാഴ്ച നടന്ന ഭീകരാക്രമണത്തില്‍ 2 കരസേനാ ഓഫിസര്‍മാരും ജമ്മു കശ്മീര്‍ പൊലീസിലെ ഡിഎസ്പിയും ഒരു ജവാനും വീരമൃത്യു വരിച്ചിരുന്നു. നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്.ജനറല്‍ ദ്വിവേദി അനന്ത്‌നാഗില്‍ ക്യാംമ്പ് ചെയ്യുന്നുണ്ട്. രണ്ടോ മൂന്നോ ഭീകരര്‍ കാട്ടിലുണ്ടാകാമെന്നാണു പൊലീസിന്റെ നിഗമനം.