മേഘാലയയും നാഗാലാൻഡും പോളിംഗ് ബൂത്തിലേക്ക്. കനത്ത സുരക്ഷയിൽ ഇരു സംസ്ഥാനങ്ങളിലും രാവിലെ 7ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 4 മണി വരെ തുടരും. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ. ബഹുകോണ മത്സരത്തിനാണ് മേഘാലയ സാക്ഷ്യം വഹിക്കുന്നത്. കോൺഗ്രസ്, ബിജെപി, കോൺറാഡ് സാങ്മയുടെ എൻപിപി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവയാണ് മത്സരരംഗത്തുള്ളത്. കോൺറാഡ് സാങ്മയുടെ എൻപിപിയുമായുള്ള ഭിന്നതയെ തുടർന്ന് ബിജെപി ഒറ്റയ്ക്കു മത്സരിക്കുന്നു
നാഗാലാൻഡിലെ 60 നിയമസഭാ മണ്ഡലങ്ങളിൽ 59 എണ്ണത്തിലും ത്രികോണ മത്സരമാണ് നടക്കുന്നത്. 2018ൽ സംസ്ഥാനത്തെ 60 സീറ്റുകളിൽ 12ലും വിജയിച്ച ബിജെപി എൻഡിപിപിയുമായി സഖ്യത്തിലാണ് മത്സരിക്കുന്നത്. സീറ്റ് വിഭജന കരാർ പ്രകാരം എൻഡിപിപി 40 സീറ്റിലും ബിജെപി 20 സീറ്റിലുമാണ് മത്സരിക്കുന്നത്.
നാഗാലാൻഡിൽ ബിജെപി ഇതിനകം ഒരിടത്ത് വിജയിച്ചു. എതിർ സ്ഥാനാർഥി സ്ഥാനാർഥിത്വം പിൻവലിച്ചതിനെത്തുടർന്ന് അകുലുട്ടോ നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി കഷെറ്റോ കിനിമി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷമായ കോൺഗ്രസ് 23 സീറ്റിലും നാഗാ പീപ്പിൾസ് ഫ്രണ്ടും 22 സീറ്റുകളിലാണ് മത്സരിക്കുന്നത്. നാലു വനിതാ സ്ഥാനാർഥികളും ഇത്തവണ നാഗാലാൻഡിൽ മത്സരിക്കുന്നുണ്ട്.