National

മംഗളൂരു ഫാസിൽ വധക്കേസ്; കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും

മംഗളൂരു സുറത്ത്കല്ലിലെ ഫാസിൽ വധക്കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. കേസിൽ നിലവിൽ അറസ്റ്റിലായ മംഗളൂരു സ്വദേശിയിൽ നിന്ന് കൊലപാതക സംഘത്തിലെ മറ്റ് നാല് പേരെ കുറിച്ച് വിവരം ലഭിച്ചതായാണ് സൂചന. അതേസമയം, യുവമോർച്ച നേതാവ് പ്രവീണിൻറെ കൊലപാതകത്തിൽ എൻ.ഐ.എ പ്രാഥമിക അന്വേഷണം തുടങ്ങി.

സുറത്ത്കല്ലിലെ ഫാസിലിൻറെ കൊലപാതകത്തിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെ സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇന്നലെ അറസ്റ്റിലായ പ്രതിക്ക് ആർ.എസ്.എസ് ബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നെങ്കിലും കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോ എന്നതിൽ പൊലീസ് സ്ഥിരീകരണം ഉണ്ടായിട്ടില്ല. മറ്റ് പ്രതികളെ കൂടി പിടികൂടാനായാൽ മാത്രമെ കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെ സംബന്ധിച്ച് വ്യക്തതയുണ്ടാവു.

അതേസമയം, ബെല്ലാരയിലെ യുവമോർച്ച നേതാവ് പ്രവീൺ നട്ടാരുവിൻറെ കൊലപാതകത്തിൽ എൻ.ഐ.എ സംഘം പ്രാഥമിക അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് പിന്നിൽ മലായാളി ബന്ധം ഉണ്ടെന്ന നിഗമനത്തിൻറെ പശ്ചാത്തലത്തിൽ കർണാടകത്തിലും, കേരളത്തിലുമായി രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മംഗളൂരു ഉൾപ്പടെയുള്ള ദക്ഷിണ കന്നഡ മേഖലകൾ ഇപ്പോഴും പൊലീസ് വലയത്തിലാണ്.

കൊലപാതക സംഘം എത്തിയ കാർ ഓടിച്ചിരുന്നയാളാണ് പൊലീസ് പിടിയിലായത്. പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മംഗളൂരു സ്വദേശി അജിത്ത് ഡിസോസെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കൊലപാതക സംഘം എത്തിയ കാർ ഓടിച്ചിരുന്ന ഡ്രൈവറാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മറ്റ് നാല് പേരെ കുറിച്ച് വിവരം ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിൻറെ കണക്കുകൂട്ടൽ. നിലവിൽ കേസിൽ പതിനാറ് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

വ്യാഴാഴ്ച രാത്രി സൂറത്കല്ലിലെ ഒരു ടെക്‌സ്‌റ്റൈൽ ഷോപ്പിന് പുറത്ത് നിൽക്കുകയായിരുന്ന ഫാസിലിനെ നാല് പേരടങ്ങുന്ന അക്രമി സംഘമാണ് കുത്തിക്കൊലപ്പെടുത്തിയത്. സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരുന്ന ഫാസിലിൻറെ പിന്നാലെ എത്തിയ സംഘം പിന്തുടർന്ന് ക്രൂരമായി മർദിക്കുകയും കുത്തുകയുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.