National

97ാം വയസ്സിൽ പുരസ്‌കാര തുകയായി ലഭിച്ച 10 ലക്ഷം രൂപയ്‌ക്കൊപ്പം 5000 രൂപ സ്വന്തമായും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി കമ്മ്യൂണിസ്റ്റ് നേതാവ്

പുരസ്‌കാര തുകയായി തനിക്ക് ലഭിച്ച 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി കമ്മ്യൂണിസ്റ്റ് നേതാവ് ആര്‍ നല്ലകണ്ണ്. 97ാം വയസ്സിലും ജനകീയ പ്രശ്‌നങ്ങളില്‍ സജീവമാണ് സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി കൂടിയായിരുന്ന നല്ലകണ്ണ്.

തമിഴ്‌നാട് സര്‍ക്കാരിന്റെ ‘തഗൈസല്‍ തമിഴര്‍’ പുരസ്‌കാരം ഇത്തവണ നല്‍കിയത് മുതിര്‍ന്ന സിപിഐ നേതാവായ ആര്‍ നല്ലകണ്ണിനാണ്.പുരസ്‌കാര തുകയോടൊപ്പം 5000 രൂപ സ്വന്തമായും നല്ലക്കണ്ണ് നല്‍കി. 10 ലക്ഷം രൂപയായിരുന്നു പുരസ്‌കാര തുക.

ഈ തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. 1967 മുതല്‍ ചെന്നൈ കേന്ദ്രീകരിച്ചാണ് നല്ലകണ്ണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. സ്വന്തമായി വീടില്ലാതിരുന്ന അദ്ദേഹത്തിന് കരുണാനിധി മുഖ്യമന്ത്രിയായിരുന്ന 2007 കാലത്ത് സംസ്ഥാന ഹൗസിങ് ബോര്‍ഡിന് കീഴില്‍ വീട് അനുവദിച്ചിരുന്നു.

2019ല്‍ നല്ലകണ്ണ് താമസിച്ചിരുന്ന ഹൗസിങ് ബോര്‍ഡ് കോളനി പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതേ കോളനിയില്‍ തന്നെയായിരുന്നു മറ്റൊരു ആദര്‍ശനേതാവായിരുന്ന കക്കന്റെ കുടുംബവും താമസിച്ചിരുന്നത്.നല്ലകണ്ണിന്റെയും കക്കന്റെയും കുടുംബത്തെയും മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ ഇടപെടുകയായിരുന്നു. നല്ലകണ്ണിന്റെയും കക്കന്റെയും കുടുംബത്തിനും താമസത്തിന് പകരം സംവിധാനം ഏര്‍പ്പാടാക്കാമെന്ന് അന്നത്തെ ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ഉറപ്പ് കൊടുത്തു. ഇതോടെയാണ് പ്രതിഷേധം അവസാനിച്ചത്.