National

കേസിനെ കുറിച്ചറിയാത്ത ജൂനിയറിനെ ഹിയറിംഗിന് അയച്ചു; അഭിഭാഷകന് 2,000 രൂപ പിഴ ചുമത്തി കോടതി

കേസിനെ കുറിച്ചറിയാത്ത ജൂനിയറിനെ കേസ് മാറ്റിവയ്ക്കാൻ കോടതിയിലേക്ക് അയച്ച അഭിഭാഷകന് 2,000 രൂപ പിഴ ചുമത്തി സുപ്രീം കോടതി. കക്ഷികളെ പ്രതിനിധീകരിക്കാനും സുപ്രീം കോടതിയിൽ കേസുകൾ ഫയൽ ചെയ്യാനും അധികാരമുള്ള ഒരു അഭിഭാഷകനാണ് അഡ്വക്കേറ്റ് ഓൺ റെക്കോർഡ്.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുന്നിൽ ജൂനിയർ അഭിഭാഷകൻ ഹാജരാകുകയും പ്രധാന അഭിഭാഷകൻ ഇല്ലാത്തതിനാൽ കേസ് മാറ്റിവയ്ക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. “നിങ്ങൾക്ക് ഞങ്ങളെ ഇതുപോലെ നിസ്സാരമായി കാണാനാകില്ല. കോടതിയുടെ പ്രവർത്തനത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ ചിലവുണ്ട്. വാദിക്കാൻ തുടങ്ങൂ,” ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

കേസിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വാദിക്കാൻ നിർദ്ദേശമില്ലെന്നും ജൂനിയർ അഭിഭാഷകൻ ബെഞ്ചിനോട് പറഞ്ഞു. അഭിഭാഷകനെ കോടതിയ്ക്ക് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട്, അഭിഭാഷകൻ വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരാകുകയും സുപ്രീം കോടതിയിൽ മാപ്പ് പറയുകയും ചെയ്തു.

പേപ്പറും കേസിന്റെ അറിവും ഇല്ലാതെ എന്തിനാണ് ജൂനിയറെ കോടതിയിലേക്ക് അയച്ചതെന്ന് ബെഞ്ച് ചോദിച്ചു. ” ഒരു ജൂനിയറെ കടലാസുകളില്ലാതെ ഒരു ഒരുക്കമില്ലാതെ കോടതിയിലേക്ക് അയച്ചു. കേസ് ഞങ്ങൾ മാറ്റിവയ്ക്കാൻ വിസമ്മതിച്ചപ്പോൾ, അഭിഭാഷകൻ ഹാജരായി. ഈ രീതിയിൽ കാര്യങ്ങൾ നടത്താൻ കഴിയില്ല. ഇത് കോടതിയെയും നിന്ദിക്കുന്നതിന് തുല്യമാണ്” എന്നും ബെഞ്ച് പറഞ്ഞു.