National

വൈദ്യുതി ക്ഷാമം: കല്‍ക്കരി നീക്കം സുഗമമാക്കാന്‍ 657 ട്രെയിനുകള്‍ റദ്ദാക്കി

കല്‍ക്കരി നീക്കം സുഗമമാക്കാന്‍ 657 ട്രെയിനുകള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. പാസഞ്ചര്‍, മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്. താപവൈദ്യുത നിലയങ്ങളിലെ കല്‍ക്കരി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. മെയ് 24 വരെയാണ് 657 ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നത്. റദ്ദാക്കിയവയില്‍ അഞ്ഞൂറോളം ദീര്‍ഘദൂര മെയിലുകളും 148 എണ്ണം പാസഞ്ചറുകളുമാണ്.

കല്‍ക്കരി നീക്കം സുഗമമാക്കുന്നതിന്റെ ഭാഗമായി പ്രതിദിനം 16 ട്രെയിനുകള്‍ വീതം മുന്‍പ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. കല്‍ക്കരി ക്ഷാമവും വൈദ്യുതി പ്രതിസന്ധിയും രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കിയത്.

വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ നിലവിലെ 15 മിനിറ്റ് ലോഡ് ഷെഡ്ഡിംഗ് ഒരു ദിവസം കൂടി തുടരുമെന്ന് കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മെയ് 31 വരെ യൂണിറ്റിന് 20 രൂപ നിരക്കില്‍ 250 മെഗാവാട്ട് വൈദ്യുതി കെഎസ്ഇബി വാങ്ങും. ഇന്ന് കഴിഞ്ഞാല്‍ അടുത്ത മാസം മൂന്നിനും വൈദ്യുതി നിയന്ത്രണമുണ്ടാകും.

രാജ്യത്തെ കല്‍ക്കരി ക്ഷാമം ഒക്ടോബര്‍ വരെ നീണ്ടേക്കാമെന്നാണ് കെഎസ്ഇബി ചെയര്‍മാന്‍ വിലയിരുത്തുന്നത്. കായംകുളം നിലയത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദനം തുടങ്ങുമെന്നും കോഴിക്കോട് നല്ലളം നിലയത്തില്‍ നിന്നും 90 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നും ബി അശോക് അറിയിച്ചു. പ്രതിസന്ധി മറികടക്കുന്നതിനായി നല്ലളത്തെയും കായംകുളത്തേയും വൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി വൈദ്യുതി ലഭ്യമാക്കാനാണ് കെഎസ്ഇബി പദ്ധതിയിടുന്നത്.

കായംകുളത്തുനിന്ന് വൈദ്യുതി ലഭിക്കാന്‍ 45 ദിവസമെടുക്കുമെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. മെയ് മൂന്നാം തിയതി 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് സംസ്ഥാനത്തുണ്ടാകും. ഈ പശ്ചാത്തലത്തിലാണ് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം. വൈകുന്നേരം 6.30 മുതല്‍ 11.30 വരെയുള്ള പീക്ക് സമയത്ത് 15 മിനിറ്റാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. ഇന്നലെയും ഗ്രാമപ്രദേശങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുകത്തിയിരുന്നു.