National

ഗവർണർ നിയമനം കോൺഗ്രസ് ഇന്ന് പാർലമെൻ്റിൽ ഉന്നയിക്കും

ഗവർണർ നിയമനവുമായ് ബന്ധപ്പെട്ട വിഷയം പാർലമെൻ്റി ഉന്നയിക്കാൻ തിരുമാനിച്ച് കോൺഗ്രസ്. ജസ്റ്റിസ് അബ്ദുൾ നസീറിനെ ആന്ധ്രാ ഗവർണറായി നിയമിച്ച നടപടിയിലാണ് കോൺഗ്രസ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടുക. അദാനി വിഷയത്തിലെ പ്രതിഷേധത്തിനൊപ്പമാകും ഗവർണർ നിയമന വിഷയവും ഉന്നയിക്കുന്നത്. നിയമനിർമ്മാണ നടപടിയിൽ കാലഹരണപ്പെട്ട നിയമങ്ങൾ പിൻവലിയ്ക്കാനുള്ള ബില്ല് ഇന്ന് ലോക്സഭ പരിഗണിയ്ക്കും. നിയമമന്ത്രി കിരൺ റിജിജു ആണ് ബിൽ അവതരിപ്പിയ്ക്കുക.

കഴിഞ്ഞ ദിവസമാണ് അയോധ്യ കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് സയ്യിദ് അബ്ദുൽ നസീറിനെ കേന്ദ്രം ആന്ധ്ര ഗവർണറായി നിയമിക്കുന്നത്. നിലവിലെ ആന്ധ്ര ഗവർണറായ ബിശ്വ ഭൂഷൺ ഹരിചന്ദനെ ഛത്തീസ്ഗഡ് ഗവർണറായി നിയമിച്ചു. അബ്ദുൽ നസീർ കഴിഞ്ഞ മാസം നാലിനാണ് സുപ്രിം കോടതി ജഡ്ജി സ്ഥാനത്തുനിന്ന് വിരമിച്ചത്.

2017 ൽ കർണാടക ഹൈക്കോടതിയിൽ നിന്നാണ് ജസ്റ്റിസ് അബ്ദുൽ നസീർ സുപ്രിം കോടതിയിലെത്തുന്നത്. ബാബരി പള്ളി നിന്നിരുന്ന സ്ഥലം രാമക്ഷേത്രാവശിഷ്ടങ്ങളുള്ള ഇടമാണെന്നും അത് രാമക്ഷേത്ര ട്രസ്റ്റിനു വിട്ടുനൽകണമെന്നും നിലപാടെടുത്ത അഞ്ചംഗ ബെഞ്ചിൽ അംഗമായിരുന്നു. മുത്തലാക്ക്, കെഎസ് പുട്ടസ്വാമി കേസ് തുടങ്ങി മറ്റ് സുപ്രധാന വിധികളിലും അദ്ദേഹം പങ്കാളി ആയിട്ടുണ്ട്.

അയോധ്യ രാമക്ഷേത്രത്തിന്റെ പണി 2024 ന് മുൻപ് പൂർത്തിയാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. 2024 ജനുവരി 1 ന് രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്നും ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചു.

ത്രിപുരയിലെ ബിജെപിയുടെ പ്രചരണ റാലിയിൽ വച്ചാണ് നിർണ്ണായക പ്രഖ്യാപനം നടത്തിയത്. രാമക്ഷേത്രം വൈകിച്ചത് കോൺഗ്രസ് ആണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. കമ്മ്യൂണിസം ലോകത്ത് നിന്ന് അകന്നപ്പോൾ, കോൺഗ്രസ് രാജ്യത്ത് നിന്ന് അകന്നുവെന്നും,മൂന്ന് പതിറ്റാണ്ട് സിപിഐഎം സംസ്ഥാനം ഭരിച്ചിട്ടും പ്രശ്‌നങ്ങൾ പരിഹരിച്ചില്ല എന്നും അമിത് ഷാ വിമർശിച്ചു.

2020 ഓഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രനിർമാണത്തിനായി തറക്കല്ലിട്ടത്. മൂന്ന് നിലകളിലായി നിർമിക്കുന്ന ക്ഷേത്രത്തിന്റെ ഒന്നാം നിലയിലാകും രാം ദർബാർ. 360 അടി നീളവും 235 അടി വീതിയുമാണ് ആകെ അളവ്. ആധുനിക ആർട്ട് ഡിജിറ്റൽ മ്യൂസിയം, സന്യാസിമാർക്കായുളള ഇടം, ഓഡിറ്റോറിയം, ഭരണനിർവഹണ കാര്യാലയങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ക്ഷേത്ര സമുച്ചയം.