India National

പ്രതിപക്ഷ ഐക്യം തീവ്രവാദത്തെയാണ് പിന്തുണക്കുന്നതെന്ന് നരേന്ദ്രമോദി

പ്രതിപക്ഷ ഐക്യം തീവ്രവാദത്തെയാണ് പിന്തുണക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ ബഹിരാകാശ നേട്ടത്തെ വരെ പ്രതിപക്ഷം പരിഹസിക്കുകയാണെന്നും മോദി പറഞ്ഞു. പരാജയപ്പെട്ട ഭീതിയില്‍ മോദി നാടകം കളിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

ഉത്തര്‍പ്രദേശിലെ മീററ്റില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് പ്രതിപക്ഷ സഖ്യത്തെയും രാഹുല്‍ ഗാന്ധിയെയും മോദി കടന്നാക്രമിച്ചത്. ബാലക്കോട്ട് വ്യോമാക്രമണത്തിന്റെ തെളിവ് ചോദിക്കുന്ന പ്രതിപക്ഷം സൈനികരെ വെല്ലുവിളിക്കുകയാണ്. മിഷന്‍ ശക്തി തന്റെ ധീരമായ തീരുമാനത്തിന്റെ ഫലമാണ്. മിഷന്‍ ശക്തി വിജയം അറിയിക്കാന്‍ രാജ്യത്തെ അഭിസംബോധന ചെയ്ത മോദിക്ക് നാടകാശംസ നേര്‍ന്ന രാഹുലിനുമുണ്ട് മറുപടി.

എന്നാല്‍ പരാജയപ്പെട്ട സിനിമയിലെ നായകനാണ് മോദിയെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. ന്യായ് പദ്ധതിയെ വിമര്‍ശിക്കുന്ന മോദി പാവങ്ങളെയാണ് പരിഹസിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.