National

111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി

രാജ്യത്തെ 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍. രജിസ്റ്റര്‍ ചെയ്‌തെങ്കിലും അംഗീകാരം നേടാന്‍ സാധിക്കാത്ത 2100 പാര്‍ട്ടികളില്‍ നിന്നാണ് 111 എണ്ണത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതെന്ന് കമീഷന്‍ അറിയിച്ചു. 1951ലെ ജനപ്രാതിനിധ്യ നിയമം ലംഘിച്ചതായി കണ്ടെത്തിയ പാർട്ടികൾക്കെതിരെ സമീപകാലത്ത് സ്വീകരിക്കുന്ന രണ്ടാമത്തെ നടപടിയാണിത്.

കഴിഞ്ഞ മെയ് 25ന് അംഗീകാരമില്ലാത്ത 87 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ കമീഷന്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 111 പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ കൂടി റദ്ദാക്കി കൊണ്ടുള്ള നടപടി. എതിർപ്പുള്ള രാഷ്ട്രീയ പാര്‍ട്ടികൾ 30 ദിവസത്തിനകം പരാതി നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ചീഫ് ഇലക്ടറൽ ഓഫീസറെ/ഇലക്ഷൻ കമ്മീഷനെ സമീപിച്ച് പരാതി അറിയിക്കണം.

പാർട്ടി ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്നതിന് തെളിവ് നൽകണം. കൂടാതെ വർഷാടിസ്ഥാനത്തിലുള്ള ഓഡിറ്റഡ് അക്കൗണ്ടുകൾ, സംഭാവന ഉൾപ്പെടെയുള്ള മറ്റ് വിവരങ്ങൾ പരാതിയോടൊപ്പം ഹാജരാക്കണമെന്നും കമ്മീഷൻ അറിയിച്ചു. അത്തരം RUPP-കളുടെ വേർതിരിച്ച ലിസ്റ്റ്, മറ്റ് നടപടികൾക്കായി ബന്ധപ്പെട്ട ചീഫ് ഇലക്ഷൻ ഓഫീസർമാർക്കും (CEO) സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സിനും (CBDT) അയയ്‌ക്കും. കൂടാതെ, ഗുരുതരമായ സാമ്പത്തിക ക്രമക്കേടിൽ ഏർപ്പെട്ടിരിക്കുന്ന 3 RUPP-കൾക്കെതിരെ ക്രിമിനൽ നടപടികളും സ്വീകരിക്കുന്നതിനായി റവന്യൂ വകുപ്പിന് ഒരു റഫറൻസും അയച്ചിട്ടുണ്ട്.