ഷവോമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു. 555.27 കോടി രൂപയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ (ഫെമ) വ്യവസ്ഥകൾ പ്രകാരമാണ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് തുക പിടിച്ചെടുത്തതെന്ന് അന്വേഷണ ഏജൻസി പ്രസ്താവനയിൽ വ്യക്തമാക്കി.
ഈ വർഷം ഫെബ്രുവരിയിലാണ് അനധികൃത പണമിടപാടിനെപ്പറ്റിയുള്ള അന്വേഷണം ആരംഭിച്ചതെന്ന് ഇഡി പറഞ്ഞു. റോയൽറ്റിയുടെ മറവിൽ കമ്പനി ഷവോമി ഗ്രൂപ്പിന്റേതടക്കമുള്ള മൂന്നു വിദേശ സ്ഥാപനങ്ങളിലേക്ക് 5551.27 കോടി രൂപയ്ക്ക് തുല്യമായ വിദേശ കറൻസി അയച്ചെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. ഷവോമി ഇന്ത്യ അവരുടെ ചൈനീസ് പാരന്റ് ഗ്രൂപ്പിന്റെ നിർദ്ദേശപ്രകാരമാണ് റോയൽറ്റിയുടെ പേരിൽ അനധികൃതമായി ഇത്രയും വലിയ തുക അയച്ചതെന്നും ഇഡി ആരോപിക്കുന്നു.
എംഐ ബ്രാൻഡിന് കീഴിലുള്ള ഇന്ത്യയിലെ മൊബൈൽ ഫോണുകളുടെ വിതരണക്കാരായ ഷവോമി ഇന്ത്യ 2014ൽ ആണ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചതെന്നും 2015 മുതൽ വിദേശത്തേക്ക് പണമയക്കുന്നുണ്ടെന്നും ഇഡി അറിയിച്ചു. വിദേശത്തേക്ക് പണം അയക്കുന്നതിനിടെ ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് കമ്പനി നൽകിയിട്ടുള്ളതെന്നും ഇഡി കൂട്ടിച്ചേർത്തു.