National

കേന്ദ്രം വേട്ടയാടുന്നുവെന്ന് പ്രതിപക്ഷം; പാര്‍ലമെന്റിന് അകത്തും പുറത്തും കടുത്ത പ്രതിഷേധം

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതില്‍ പാര്‍ലമെന്റിലും പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. നടുത്തളത്തില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് എം പിമാര്‍ പ്രതിഷേധിച്ചത്. പ്രതിപക്ഷബഹളത്തെത്തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവയ്ക്കുകയായിരുന്നു.

കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് ചൂണ്ടിക്കാട്ടി 12 പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസ്താവിച്ചു.

കേന്ദ്രസര്‍ക്കാരിന്റേത് പ്രതികാര നടപടിയാണെന്നാണ് കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആരോപിക്കുന്നത്. ജനാതിപത്യ വിശ്വാസികള്‍ക്ക് ആശങ്കയുണ്ട്. സോണിയയുടെ ആരോഗ്യ സ്ഥിതി മോശമാണ്. ഹാജരാകുന്നത് നിയമം അനുസരിക്കുന്നതിനാല്‍. എംപിമാരെ പോലും പ്രതിഷേധിക്കാന്‍ അനുവദിക്കാത്തത് പാര്‍ലമെന്റില്‍ ഉന്നയിക്കും. എ ഐ സി സി മുഴുവന്‍ വളഞ്ഞാലും സമരം അവസാനിപ്പിക്കില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

അതേസമയം സോണിയ ഗാന്ധിയെ ഇഡി ഇന്ന് ചോദ്യം ചെയ്യാനിരിക്കെ എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ആസ്ഥാനത്തേക്ക് പ്രവേശനമില്ലെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.