National

പെൺകുട്ടിയെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവം; പ്രതികളിലൊരാൾ മുൻപ് മറ്റൊരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി

ഝാർഖണ്ഡിലെ ദുംകയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളിലൊരാൾ മുൻപ് മറ്റൊരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെന്ന് റിപ്പോർട്ട്. ഒന്നാം പ്രതിയായ ഷാരൂഖ് ഖാന് പെട്രോൾ സംഘടിപ്പിച്ചുനൽകിയ നയീം ഖാൻ അഥവാ ഛോട്ടു എന്നയാൾക്കെതിരെയാണ് വെളിപ്പെടുത്തൽ. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

2021ൽ നയീം ഖാൻ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിൽ അറസ്റ്റിലായതായി എൻഡിടിവി പറയുന്നു. റോഡിൽ വച്ച് തന്നോട് സംസാരിക്കാൻ ഇയാൾ പലതവണ ശ്രമിച്ചിട്ടുണ്ടെന്നും ഒരു ദിവസം തന്നെ തട്ടിക്കൊണ്ടുപോയി കസേരയിൽ കെട്ടിയിട്ടു എന്നും പെൺകുട്ടി പറഞ്ഞതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അയാളെ വിവാഹം കഴിക്കണമെന്നായിരുന്നു ആവശ്യം. വഴങ്ങിയില്ലെങ്കിൽ ദുബായിലേക്ക് അയക്കുമെന്ന് പറഞ്ഞു. അമ്മ അഭിഭാഷകയായ പ്രിയ സിംഗിനെ വിളിച്ചു. അങ്ങനെ പൊലീസ് എത്തിയതുകൊണ്ട് താൻ രക്ഷപ്പെട്ടു. ജാമ്യം ലഭിച്ചപ്പോൾ വീണ്ടും തന്നെ ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പറഞ്ഞതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കേസ് ഏറ്റെടുത്തതിന് അഭിഭാഷകനെയും ഇയാൾ ഭീഷണിപ്പെടുത്തി.

ഝാർഖണ്ഡിലെ ദുംകയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കൊല്ലപ്പെട്ട പെൺകുട്ടിയ്ക്ക് 15 വയസെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയ്ക്ക് 19 വയസുണ്ടെന്നായിരുന്നു പൊലീസ് റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ, സംസ്ഥാന ശിശുക്ഷേമ സമിതിയാണ് പെൺകുട്ടിക്ക് 15 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് കണ്ടെത്തി. ഇതോടെ പിടിയിലായ യുവാവിനെതിരെ പോക്സോ വകുപ്പുകൾ കൂടി ചുമത്താൻ സമിതി നിർദേശിച്ചു.

ഈ മാസം 23നാണ് രാജ്യത്തെയാകെ നടുക്കിയ സംഭവമുണ്ടായത്. പ്ലസ് ടുവിൽ പഠിക്കുന്ന പെൺകുട്ടിയെ ഷാരൂഖ് എന്നയാളാണ് കത്തിച്ചുകൊന്നത്. പ്രണയാഭ്യർത്ഥന നിരസിച്ചതിനെതുടർന്ന് ഷാരൂഖ് കുട്ടിയെ കത്തിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഈ മാസം 28ന് മരണത്തിനു കീഴടങ്ങി. കുട്ടി ഉറങ്ങിക്കിടക്കെ ജനാലയിലൂടെ പെട്രോൾ ഒഴിച്ച പ്രതി തീകത്തിച്ചിട്ട് സ്ഥലംവിടുകയായിരുന്നു.