രാഷ്ട്രീയപാർട്ടികൾ പേരു വെളിപ്പെടുത്താത്തവരുടെ സംഭാവനകൾ സ്വീകരിക്കുന്നത് വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ജനപ്രാതിനിധ്യ നിയമം ഇതിനായി ഭേദഗതി ചെയ്യണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.
2000 രൂപയ്ക്ക് മുകളിൽ സംഭാവന നൽകുന്നവരുടെ പേരുകൾ നിർബന്ധമായും വെളിപ്പെടുത്തണമെന്ന നിയമ ഭേദഗതി വേണം. 89-ാം ഭേദഗതിക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ ആരംഭിച്ചിരിക്കുകയാണ്.
ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന് കത്ത് നൽകി. രാഷ്ട്രീയ ഫണ്ടിംഗ് മേഖല സുതാര്യമാക്കാനും ശുദ്ധീകരിക്കാനുമാണ് നീക്കമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ രാജീവ് കുമാർ നിയമ മന്ത്രി കിരൺ റിജിജുവിനെഴുതിയ കത്തിൽ പറയുന്നു.
നിലവിൽ 20,000 രൂപയ്ക്ക് മുകളിൽ ലഭിക്കുന്ന ഫണ്ടുകളുടെ വിവരങ്ങൾ മാത്രമാണ് രാഷ്ട്രീയ പാർട്ടികൾ വ്യക്തമാക്കേണ്ടത്. ഈ മാനദണ്ഡമാണ് 2,000 രൂപയിലേക്ക് താഴ്ത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെടുന്നത്.