ഡൽഹി മുനിസിപ്പൽ കോർപറേഷൻ മേയർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഭരണകക്ഷിയായിരുന്ന ബിജെപിയെ തോൽപ്പിച്ച് എഎപി മികച്ച വിജയം നേടിയെങ്കിലും മേയറെ തെരഞ്ഞെടുക്കാൻ കഴിഞ്ഞിരുന്നില്ല. എഎപി-ബിജെപി തർക്കത്തെ തുടർന്ന് മൂന്നു തവണ തെരഞ്ഞെടുപ്പ് മുടങ്ങിയിരുന്നു. പാർട്ടി സുപ്രീംകോടതിയെ സമീപിച്ചതോടെ മേയർ, ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ തെരഞ്ഞെടുപ്പിനുള്ള തീയതി നിശ്ചയിക്കാൻ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.
ആം ആദ്മി പാർട്ടിയുടെ മേയർ സ്ഥാനാർത്ഥി ഷൈലി ഒബ്‌റോയ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഡൽഹി എംസിഡിയുടെ ആദ്യ യോഗം വിളിച്ച് 24 മണിക്കൂറിനുള്ളിൽ നോട്ടീസ് നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കു വോട്ട് ചെയ്യാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
1957ലെ ഡിഎംസി ആക്‌ട് പ്രകാരം എംസിഡി തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ സഭായോഗത്തിൽ മേയറെയും ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുക്കണം. എന്നാൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിലേറെയായിട്ടും മേയറെ തെരഞ്ഞെടുക്കാൻ കഴിഞ്ഞിട്ടില്ല. ജനുവരി 6, ജനുവരി 24, ഫെബ്രുവരി 6 തീയതികളിൽ സഭായോഗം വിളിച്ചിരുന്നുവെങ്കിലും ബിജെപി എഎപി സംഘർഷം മൂലം തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. നാമനിർദേശം ചെയ്തവർക്കു വോട്ടവകാശം നൽകിയ ബിജെപി നടപടിക്കെതിരെയായിരുന്നു എഎപിയുടെ പ്രതിഷേധം.