മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇന്ന് ഒമ്പതുമണിക്കൂറോളമാണ് സിബിഐ കെജ്രിവാളിനെ ചോദ്യം ചെയ്തത്. ഡൽഹി മദ്യനയ കേസിൽ അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യുന്നതിൽ സിബിഐ ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധിച്ച എഎപി നേതാക്കളെ നേരത്തേ കസ്റ്റഡിയിലെടുത്ത് നീക്കിയിരുന്നു.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ സിബിഐ ആസ്ഥാനത്ത് നിന്ന് മാറിയതിനു പിന്നാലെ ആയിരുന്നു എഎപി നേതാക്കളെ കസ്റ്റഡിയിലെടുത്ത്. മന്ത്രിമാരായ സൗരഭ്, ആത്തിഷി, ഗെഹ്ലോട്ട് എന്നിവരെ അടക്കമാണ് കസ്റ്റഡിയിൽ എടുത്തത്. പൊലീസ് നേരത്തെ സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും നേതാക്കൾ വഴങ്ങാതായതോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഗഗതാഗത തടസം ഉണ്ടാകുന്നു എന്ന് ആരോപിച്ചാണ് സിബിഐ ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധിക്കുന്ന എഎപി നേതാക്കളോട് പിരിഞ്ഞ് പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ ബാരിക്കേഡ് വച്ച് ഗതാഗത തടസം ഉണ്ടാക്കിയത് പൊലീസെന്ന് നേതാക്കളും ആരോപിച്ചു. പ്രതിഷേധം തുടരുമെന്നും നേതാക്കൾ പറഞ്ഞിരുന്നു. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയാണ് കെജ്രിവാൾ സിബിഐ ഓഫിസിലേക്ക് എത്തിയത്. നടപടിക്ക് പിന്നിൽ ദേശവിരുദ്ധ പ്രവർത്തകരെന്നാണ് കെജ്രിവാളിന്റെ ആരോപണം.