National

പോക്‌സോ കേസില്‍ തെറ്റായ ആളെ പ്രതിചേര്‍ത്തു; പൊലീസുകാര്‍ക്ക് 5 ലക്ഷം പിഴ വിധിച്ച് കോടതി

പോക്‌സോ കേസില്‍ തെറ്റായ ആളെ പ്രതിയാക്കി അറസ്റ്റ് ചെയ്തതിന് പൊലീസുകാര്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച് കോടതി. കര്‍ണാടകയിലെ മംഗളൂരുവില്‍ പ്രാദേശിക കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പിഴ ചുമത്തിയത്. യഥാര്‍ത്ഥ പ്രതിയുടെ അതേ പേരിലുള്ള മറ്റൊരാളെ പ്രതിയാക്കിയതിന് പൊലീസ് ഇന്‍സ്‌പെക്ടര്‍ രേവതിയോടും സബ് ഇന്‍സ്‌പെക്ടര്‍ റോസമ്മയോടും ശമ്പളത്തില്‍ നിന്ന് പിഴ ഒടുക്കണമെന്ന് ജില്ലാ രണ്ടാം അഡീഷണല്‍ എഫ്ടിഎസ്സി പോക്സോ കോടതി ഉത്തരവിട്ടു.

പിഴ, കേസിലെ അതിജീവിതയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. രണ്ട് പൊലീസുകാര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നും ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് കോടതി ഉത്തരവിട്ടു.

മംഗളൂരു റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് വിധി. അന്വേഷണ ഘട്ടത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് നവീന്‍ സെക്വേര എന്നുപേരുള്ള മറ്റൊരു യുവാവിനെ പ്രതിയാക്കുകയായിരുന്നു. പൊലീസ് ഇന്‍സ്പെക്ടര്‍ രേവതി, നവീന്‍ സെക്വീരയെ പ്രതിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച എല്ലാ രേഖകളിലും പ്രതിയുടെ പേര് നവീന്‍ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അതിജീവിതയ്ക്ക് വേണ്ടി വാദിച്ച അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇയാളുടെ പ്രായം 25വയസായിരുന്നു. അറസ്റ്റിലായ നവീന്‍ സെക്വേരയുടെ പ്രായം 47 ആണെന്നും അഭിഭാഷകന്‍ വാദിച്ചു.