National

സച്ചിൻ പൈലറ്റിനെതിരെ നടപടി വേണമെന്ന നിലപാടിലുറച്ച് ​ഗെഹ്ലോട്ട്; ആശയക്കുഴപ്പത്തിൽ കോൺ​ഗ്രസ്

സച്ചിൻ പൈലറ്റിനെതിരെ കർശന നടപടി വേണമെന്ന നിലപാടിലുറച്ച് അശോക് ​ഗഹ്ലോട്ട്. സച്ചിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ അച്ചടക്കലംഘനം പ്രോത്സാഹിപ്പിക്കുകയാകും ചെയ്യുകയെന്ന് ​​ഗെഹ്ലോട്ട് വിമർശിച്ചു. ഈ പശ്ചാത്തലത്തിൽ സച്ചിൻ പൈലറ്റിനോട് ഹൈക്കമാൻഡ് വിശദീകരണം തേടിയേക്കുമെന്നാണ് വിവരം. അശോക് ​ഗെഹ്ലോട്ടിനെ ലക്ഷ്യമിട്ട് സച്ചിൻ പൈലറ്റ് നിരാഹാര സമരം നടത്തിയതിന് പിന്നാലെയാണ് നിലപാട് കടുപ്പിച്ച് ​ഗെഹ്ലോട്ട് രം​ഗത്തെത്തിയത്. എന്നാൽ സച്ചിനെതിരെ കടുത്ത നടപടികളിലേക്ക് കടക്കേണ്ടെന്നും സച്ചിനെ കൈവിടേണ്ടതില്ലെന്നുമുള്ള തീരുമാനത്തിലാണ് ​കോൺ​ഗ്രസ് നേതൃത്വം. 

നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ സച്ചിനെ പൂര്‍ണമായി കൈയൊഴിയാന്‍ നേതൃത്വം ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അച്ചടക്ക ലംഘനമെന്ന ആരോപണത്തെ കാണാതിരിക്കാനുമാകില്ലെന്ന ആശയക്കുഴപ്പത്തിലാണ് ഹൈക്കമാന്‍ഡ്.

സച്ചിന്‍ പൈലറ്റിനോടും അശോക് ഗെഹ്ലോട്ടിനോടും ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. രാജസ്ഥാന്‍ പ്രശ്‌നപരിഹാരം ഉണ്ടാകാത്ത സമസ്യയായ് കോണ്‍ഗ്രസിന് മുന്നില്‍ തുടരുകയാണ്. പരസ്പരം കലഹിച്ച് നില്ക്കുന്ന സച്ചിന്‍ ഗെഹ്ലോട്ട് വിഭാഗങ്ങളോട് പ്രകോപനപരമായ പ്രസ്താവനകള്‍ ഇനി നടത്തരുതെന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം.