288 പേരുടെ മരണത്തിനിടയാക്കിയ ഒഡിഷ ട്രെയിൻ അപകടത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷൻ അടച്ചുപൂട്ടി സിബിഐ. സ്റ്റേഷനിലൂടെ കടന്നു പോകുന്ന ട്രെയിനുകൾക്ക് സിഗ്നലിംഗ് സംവിധാനം നൽകുന്ന പാനൽ റൂം സിബിഐ ഇതിനകം സീൽ ചെയ്തിട്ടുണ്ട്. സീൽ ചെയ്തതിനാൽ സ്റ്റേഷനിൽ ഇനി തീവണ്ടികൾക്ക് ഹാൾട് അനുവദിക്കില്ല.
ബഹനാഗ ബസാർ സ്റ്റേഷനിൽ എക്‌സ്‌പ്രസ് ട്രെയിനുകൾക്ക് സ്ഥിരം സ്റ്റോപ്പില്ല. ലോക്കൽ പാസഞ്ചർ, ഗുഡ്‌സ് ട്രെയിനുകൾ എന്നിവക് സിഗ്നൽ നല്കുന്നതിനായാണ് ഈ സ്റ്റേഷനിൽ നിർത്തുക. ഇനി തീവണ്ടികൾ ഹാൾട് ചെയ്യുന്നതിനായി സമീപത്തെ സ്റ്റേഷനുകളായ സോറോയും ഖന്തപാഡയും ഉപയോഗിക്കും.
‘റിലേ റൂമും പാനലും മറ്റ് ഉപകരണങ്ങളും അന്വേഷണത്തിന്റെ ഭാഗമായി സീൽ ചെയ്തിരിക്കുന്നു. അന്വേഷണം പൂർത്തിയാകുന്നത് വരെ സ്റ്റേഷനിൽ ട്രെയിനുകൾ നിർത്തില്ല. സിബിഐയിൽ നിന്ന് അനുമതി ലഭിച്ചാൽ മാത്രമേ ട്രെയിനുകൾ സ്റ്റേഷനിൽ ഹാൾട് അനുവദിക്കൂ’ – സൗത്ത് ഈസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ആദിത്യ കുമാർ ചൗധരി പറഞ്ഞു.
ഫോറൻസിക് വിദഗ്ധർ, സി.ബി.ഐ എന്നിവർക്ക് പുറമെ റെയിൽവേ സേഫ്റ്റി കമ്മിഷന്റെ (സി.ആർ.എസ്.) പ്രത്യേക സംഘവും അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. സിബിഐ സംഘം ശനിയാഴ്ച അപകടസ്ഥലം സന്ദർശിച്ച് റെയിൽവേ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സ്റ്റേഷന്റെ പാനൽ റൂം കൈകാര്യം ചെയ്യുന്ന ബഹനാഗ ബസാർ സ്റ്റേഷൻമാസ്റ്ററും മൂന്ന് സ്റ്റേഷൻ സൂപ്രണ്ടുമാരും ഉൾപ്പെടെ ആറ് പേരെ സിബിഐ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇവരുടെ സെൽഫോണുകൾ, ലോഗ് ബുക്ക്, ഡിജിറ്റൽ ലോഗുകൾ എന്നിവ ഫോറൻസിക് പരിശോധനയ്ക്കായി സിബിഐ ശേഖരിച്ചിട്ടുണ്ട്.