പശ്ചിമ ബംഗാളിലെ ബിർഭും അക്രമം സി ബി ഐ അന്വേഷിക്കും. കൽക്കട്ട ഹൈക്കോടതിയാണ് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ബംഗാൾ പൊലീസ് സമർപ്പിച്ച കേസ് ഡയറി പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവിട്ടത്. ഏപ്രിൽ ഏഴിന് മുമ്പായി അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർേദശിച്ചു.
പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമികൾ വീടുകൾക്ക് തീ വച്ചതിനെ തുടർന്ന് 8 പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ ആക്രമണത്തിൽ 10ഓളം വീടുകൾ പൂർണമായും കത്തി നശിക്കുകയും ചെയ്‌തു. സംഭവത്തിൽ കേന്ദ്രം റിപ്പോർട്ട് തേടിയിരുന്നു.
അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മമത ബാനർജി ഉടൻ രാജിവെക്കണമെന്ന ആവശ്യങ്ങൾ ഉയർന്നുവന്നിരുന്നു. സംസ്‌ഥാനത്തെ ക്രമസമാധാന നില വഷളായതായി ആരോപിച്ച് ബിജെപി ബംഗാൾ ഘടകം അമിത് ഷാക്ക് കത്തയച്ചിരുന്നു. പാർലമെന്റ് സമ്മേളനത്തിനായി രാജ്യതലസ്‌ഥാനത്ത് എത്തിയ ബംഗാളിൽ നിന്നുള്ള പാർട്ടി എംപിമാർ ബംഗാളിലെ ക്രമസമാധാന നിലയെക്കുറിച്ച് ചർച്ച ചെയ്യാൻ ആഭ്യന്തരമന്ത്രിയെ കണ്ടിരുന്നു.
അതിനിടെ സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തുവന്നിരുന്നു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രതികളെ പിടികൂടാൻ കേന്ദ്രസർക്കാർ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.