National

‘വാക്സിന്‍ വിതരണം കഴിഞ്ഞാലുടന്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും’ അമിത് ഷാ

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡ് വാക്സിൻ വിതരണം പൂർത്തിയാകുന്ന മുറക്ക് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തുമെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. പശ്ചിമ ബംഗാളിലെ താക്കൂർനഗറിൽ സംഘടിപ്പിച്ച റാലിക്കിടെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

‘വാക്സിൻ വിതരണം പൂർത്തിയാക്കുന്നതോടെ നമ്മുടെ രാജ്യം കോവിഡ് മുക്തമാകും, അതിന് ശേഷം പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. പൗരത്വ ഭേഗഗതി ആക്ട് പാർലമെന്‍റിന്‍റെ നിയമമാണ്. എങ്ങിനെയാണ് നിങ്ങൾക്ക് അതിനെ പ്രതിരോധിക്കാനാവുന്നത്..? നിങ്ങൾക്ക് അതിനെ തടയാനുള്ള അധികാരവുമില്ല…’ അമിത് ഷാ പറഞ്ഞു.

ഇതിന് മുമ്പ് ബംഗാളിലെ കൂച്ച് ബെഹറില്‍ ബി.ജെ.പിയുടെ പരിവർത്തൻ യാത്ര ഉദ്ഘാടനം ചെയ്ത അമിത് ഷാ മമത ബാനര്‍ജിയെ വെല്ലുവിളിച്ചിരുന്നു. തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴേക്കും മമതക്ക് ജയ് ശ്രീറാം വിളിക്കേണ്ടി വരുമെന്നായിരുന്നു അമിത് ഷായുടെ വെല്ലുവിളി.