കൊല്‍ക്കത്തയിലെ പ്രമുഖ വാണിജ്യ കേന്ദ്രത്തില്‍ നിന്ന് നോട്ടുമഴ. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. കൊല്‍ക്കത്തയിലെ ബെന്റിക് സ്ട്രീറ്റില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെയാണ് വ്യാപാരസ്ഥാപനത്തിന്റെ ആറാം നിലയില്‍ നിന്ന് നോട്ടുകള്‍ താഴേക്ക് പറന്നുവന്നത്. 2000,500,100 കറന്‍സി നോട്ടുകളാണ് താഴേക്ക് എത്തിയത്.
ആറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ നിന്നാണ് നോട്ടുകള്‍ താഴേക്ക് എത്തിയത്. കയറ്റുമതി ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സ്ഥാപനമാണിത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി റവന്യു ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. നോട്ടുകള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ എ.എന്‍.ഐ ട്വിറ്ററില്‍ പങ്കുവെച്ചു. പറന്നെത്തിയ നോട്ടുകള്‍ അവിടെ കൂടിനിന്നവര്‍ എടുക്കുന്നതും കാണാം.