National

ബഫര്‍ സോണ്‍; കേരളം ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രിം കോടതിയുടെ മൂന്നംഗ ബെഞ്ച് ഇന്ന് മുതല്‍ കേസുകള്‍ പരിഗണിക്കും. ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് സഞ്ജയ് കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജനവാസമേഖലയില്‍ ഇളവുകള്‍ നല്‍കുന്നതടക്കമുള്ള അപേക്ഷകള്‍ സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്.

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കി സുപ്രിം കോടതി കഴിഞ്ഞവര്‍ഷം ജൂണ്‍ മൂന്നിന് പുറപ്പെടുവിച്ച വിധിയില്‍ ഇളവു വേണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ അപേക്ഷ.

ബഫര്‍ സോണ്‍ ദൂപരിധിയില്‍ ഇളവ് തേടി കേരളം അടക്കം നിരവധി സംസ്ഥാനങ്ങളും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടിയാണ് സംസ്ഥാനം സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.

സ്ഥലലഭ്യത കുറവായതിനാല്‍ പരിസ്ഥിതിലോലമേഖല എന്ന പേരില്‍ കേരളത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സാധ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രിം കോടതി വിധിയില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് മറ്റ് സംസ്ഥാനങ്ങളും കോടതിയെ സമീപിച്ചിട്ടുണ്ട്. ജൂണ്‍ മൂന്നിന് ഉത്തരവ് പുറപ്പെടുവിച്ചത് രണ്ടംഗ ബെഞ്ച് ആയതിനാലാണ് അപേക്ഷകള്‍ ഇന്ന് മുതല്‍ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നത്.