സ്വർണ്ണക്കടത്ത് കേസിലെ സ്വപ്‍ന സുരേഷിന്റെ ആരോപണങ്ങൾ ദേശീയ തലത്തിൽ ഉന്നയിച്ച് ബിജെപി. മുഖ്യമന്ത്രിക്കെതിരെയുള്ളത് ഗുരുതരമായ ആരോപണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുടക്കാൻ ശ്രമം നടക്കുന്നുവെന്നും 2020 ൽ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഗുരുതര വിഷയം എന്ന് പറഞ്ഞിരുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഇതിനിടെ സുരക്ഷാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നിരുന്നു. ആരുടെയും വഴി തടയുന്ന സാഹചര്യമുണ്ടാകില്ല. ജനങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള അവകാശമുണ്ട്. തെറ്റായ പ്രചാരണം നിക്ഷിപ്ത താത്പര്യക്കാരുടേതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രത്യേക വസ്ത്രം ധരിക്കാനാകില്ലെന്ന നിലപാട് സർക്കാർ എടുക്കില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. കറുത്ത വസ്ത്രവും മാസ്കും ധരിക്കരുതെന്ന നിലപാട് സർക്കാരിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഇന്നും മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിപക്ഷ പ്രതിഷേധം നടക്കുകയാണ്. കണ്ണൂർ ഗസ്റ്റ്ഹൗസിന് മുന്നിൽ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിലയുറപ്പിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കി. തളിപ്പറമ്പ് കില പഠന കേന്ദ്രത്തിന് മുമ്പിൽ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് ലാത്തി വീശി. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ 35 പേർ അറസ്റ്റിലായി. യൂത്ത് കോൺഗ്രസ്, യുവ മോർച്ച പ്രവർത്തകരാണ് അറസ്റ്റിലായത്.