National

ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് പുറത്ത്‌വിടും; ജെഎൻയുവിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് വിദ്യാർത്ഥികൾ

ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് പുറത്ത്‌വിടും. ഡോക്യുമെന്ററി പ്രദർശനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ജെ എൻ യു വിദ്യാർത്ഥികൾ അറിയിച്ചു. ഇന്ന് രാത്രി 9 മണിക്ക് ജെഎൻയു യൂണിയൻ ഓഫീസിൽ പ്രദർശനമുണ്ടാകും.

അതേസമയം അനുമതിയില്ലാതെ ഡോക്യുമെന്ററി പ്രദർശിപ്പിച്ചാൽ തടയുമെന്ന് യൂണിവേഴ്‌സിറ്റി വ്യക്തമാക്കി. ജെഎൻയു അഡ്മിനിസ്ട്രേഷനാണ് നിലപാടുമായി രംഗത്തെത്തിയത്. കേന്ദ്രസർക്കാരിന്റെ എതിർപ്പുകൾ എല്ലാം മറികടന്നാണ് രണ്ടാം ഭാഗം ബിബിസി പുറത്തിറക്കുന്നത്.

ഡോക്യുമെന്ററി ഇന്ന് രാത്രി 9 മണിക്ക് ജെഎന്‍യു ക്യാമ്പസിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസില്‍ പ്രദര്‍ശിപ്പിക്കാന്‍ ഇരിക്കവെയാണ് സര്‍വകലാശാലയുടെ ഇടപെടല്‍. ഗുജറാത്ത് വംശഹത്യതെയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ രണ്ടാംഭാഗത്ത് ഉണ്ടാകുമെന്നാണ് സൂചന.

‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ ഒന്നാംഭാഗം രാജ്യത്ത് വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയ സാഹചര്യത്തിലാണ് രണ്ടാംഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യാൻ ഒരുങ്ങുന്നത്.

അതേസമയം, ജെഎൻയുവിൽ ഡോക്യുമെന്ററിയുടെ ഒന്നാംഭാഗം പ്രദർശിപ്പിക്കുന്നത് സർവകലാശാല തടഞ്ഞു.ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ യൂണിയൻ രാവിലെ യോഗം ചേർന്നേക്കും.