അസമിലെ വെള്ളപ്പൊക്ക കെടുതി ഏഴ് ജില്ലകളിലെ 57,000 പേരെ ബാധിച്ചതായി അസം സർക്കാർ. വെള്ളപ്പൊക്കം 222 ഗ്രാമങ്ങളെ ബാധിച്ചു. 10321 ഹെക്ടർ കൃഷിഭൂമി നശിച്ചുവെന്നും വെളപ്പൊക്കത്തിൽ ഇതുവരെ 202 വീടുകൾ തകർന്നുവെന്നും അസം സർക്കാർ വ്യക്തമാക്കി. മണ്ണിടിച്ചിലിൽ റെയിൽവേ ട്രാക്കുകളും, പാലങ്ങളും, റോഡുകളും, കനാലുകളും തകർന്നതായും ഔദ്യോഗിക വിശദീകരണം പുറത്ത് വന്നിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ ഒരു കുട്ടി അടക്കം മൂന്ന് പേർ ഇന്നലെ മരിച്ചിരുന്നു. ഇന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ശനിയാഴ്ച വരെ തുടർച്ചയായി പെയ്ത മഴയാണ് അസമിലെ വിവിധ പ്രദേശങ്ങളെ ദുരിതത്തിലാക്കിയത്. ദിമാ ഹസോ ജില്ലയിലെ ഹാഫ് ലോങ് പ്രദേശത്ത് മണ്ണിടിച്ചിലിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ മരിച്ചതായി സംസ്ഥാന ദുരന്തനിവാരണസേന അറിയിച്ചു. കാച്ചർ, ധേമാജി, ഹോജായ്, കർബി ആംഗ്ലോങ് വെസ്റ്റ്, നാഗോൺ, കാംരൂപ് ജില്ലകളാണ് പ്രളയക്കെടുതി ഏറ്റവും കൂടുതൽ നേരിടുന്നത്.
ദിമാ ഹസോ ജില്ലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് റെയിൽ ഗതാഗതം തടസപ്പെട്ടു. ട്രെയിൻ ഗതാഗതം നിലച്ചതോടെ ഡിറ്റോക്‌ചെറ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. കുടുങ്ങിക്കിടന്ന യാത്രക്കാരെ കരവ്യോമസേനയുടെ സഹായത്തോടെ ആകാശമാർഗമാണ് രക്ഷപ്പെടുത്തിയത്.
അസമിലെയും സമീപ സംസ്ഥാനങ്ങളായ മേഘാലയ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെയും മഴയുടെ ഫലമായി കോപിലി നദി അപകട നിലയും കവിഞ്ഞൊഴുകുകയാണ്.