ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിനായി സർവ സന്നഹങ്ങളുമായി ആംആദ്മി പാർട്ടി. പത്തിന ഉറപ്പുകളുമായി അരവിന്ദ് കേജ്രിവാൾ ആം ആദ്മി പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി. മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് അടക്കമുള്ളവർ ഡൽഹിയിൽ പ്രചരണത്തിനിറങ്ങും. 134 സ്ഥാനാർത്ഥികളുടെ ആദ്യപടിക ആം ആദ്മി പാർട്ടി പുറത്തുവിട്ടു.
ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെത് ഇത്തവണ അഭിമാന പോരാട്ടം ആണ് ആം ആദ്മി പാർട്ടിക്ക്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് നടക്കുന്ന എംസിഡി തെരഞ്ഞെടുപ്പിൽ, പ്രചരണത്തിൽ അരവിന്ദ് കെജ്രിവാളിന്റെ അഭാവം ഉണ്ടായാൽ പോലും മറികടക്കാൻ കഴിയുന്ന വൻതാര നിരയാണ് ആം ആദ്മി പാർട്ടി രംഗത്തിറക്കുന്നത്.
അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ 30 പേരടങ്ങുന്ന താരപ്രചാരകരാണ് ആം ആദ്മിക്ക് വേണ്ടി പ്രചരണത്തി നിറങ്ങുക. മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗും, പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മന്നും പട്ടികയിൽ ഉണ്ട്. ഡൽഹിയിലെയും പഞ്ചാബിലെയും മുഴുവൻ മന്ത്രിമാരും പ്രചാരണത്തിനെത്തും.
250 വാർഡ് കളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർഥി പട്ടിക ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചു. 134 സ്ഥാനാർഥികളെയാണ് ആംആദ്മി പാർട്ടി പ്രഖ്യാപിച്ചത്.
ഡൽഹി മാലിന്യ മുക്തമാക്കും എന്നതടക്കം 10 ഉറപ്പുകളാണ് ആം ആദ്മി പാർട്ടി വോട്ടർമാർക്ക് മുന്നിൽ വക്കുന്നത്. എംസിഡിക്ക് കീഴിലുള്ള സ്‌കൂളുകളും ആശുപത്രികളും നവീകരിക്കുമെന്നും, നഗരത്തിലെ പാർക്കിംഗ് പ്രശ്‌നങ്ങൾ പരിഹരിക്കും എന്നും പ്രകടനപത്രികയിൽ ആം ആദ്മി പാർട്ടി വാഗ്ദാനം ചെയ്യുന്നു.