മധ്യപ്രദേശിലെ ദാതിയയിൽ വൻ അപകടം. മിനിലോറി പുഴയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു. ട്രക്കിലുണ്ടായിരുന്ന മുപ്പതോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ആളുകൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര നിർദേശം നൽകി.
ദാതിയയിലെ ദുർസാദ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബുഹാര ഗ്രാമത്തിലാണ് അപകടം നടന്നത്. ഗ്വാളിയോറിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ബുഹ്‌റ നദിയിലേക്ക് വീഴുകയായിരുന്നു. വധുവിന്റെ വീട്ടുകാരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടം നടന്നയുടൻ ഗ്രാമവാസികൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിവരമറിഞ്ഞയുടൻ ജില്ലാ ഭരണകൂടവും പൊലീസും പ്രാദേശിക ജനപ്രതിനിധികളും സ്ഥലത്തെത്തി. പൊലീസ് സൂപ്രണ്ട് പ്രദീപ് ശർമ്മയും സ്ഥലത്തുണ്ട്. പുഴയിൽ വീണവരെ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര നിർദേശം നൽകിയിട്ടുണ്ട്. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായത്തിനും ആഭ്യന്തരമന്ത്രി നിർദേശം നൽകി.