രാജ്യത്ത് കോവിഡ് മരണം നാല്പതിനായിരത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 857 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 39,795 ആയി. അതേസമയം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19 ലക്ഷം കടന്നു. 19,08,255 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,509 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. നിലവില്‍ 5,86,244 രോഗികളാണ് ചികിത്സയിലുള്ളത്. 12,82,215 പേര് ഇതിനോടകം രോഗമുക്തരായി.
കോവിഡ് മരണങ്ങളിൽ 50 ശതമാനവും ആറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവരിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 45 വയസ്സിനും 60 വയസ്സിനും ഇടയിൽ രോഗികളായി മരിച്ചവർ 37 ശതമാനമാണ്. എന്നാൽ മരണനിരക്ക് രാജ്യത്ത് 2.10 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനിടെ കൊവിഡ് പ്രതിരോധ മരുന്നിന്റെ രണ്ടാം പാദ പരീക്ഷണം തുടങ്ങിയതായി ഐസിഎംആർ അറിയിച്ചു.
മഹാരാഷ്ട്ര, ന്യൂഡല്‍ഹി, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത്. മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച 7,760 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിക്കുകയും 300 പേര് മരിക്കുകയും ചെയ്തു. മുംബൈയില്‍ മാത്രം ചൊവ്വാഴ്ച 709 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ 5,063 പേര്‍ക്കു കൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 6,501 പേര് രോഗമുക്തരാവുകയും 108 പേര് മരിക്കുകയും ചെയ്തു.