India National

ബി.ജെ.പിയുടെ പ്രചരണ പരിപാടികള്‍ക്ക് കൊഴുപ്പേകി മോദിയും അമിത് ഷായും

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് അരുണാചല്‍പ്രദേശില്‍ നരേന്ദ്ര മോദി റാലിക്കും ഗുജറാത്തില്‍ അമിത് ഷാ റോഡ് ഷോക്കും നേതൃത്വം നല്‍കി. ബി.എസ്.പി – എസ്.പി സഖ്യം വിട്ട നിഷാദ്പാര്‍ട്ടി ബി.ജെ.പിക്കൊപ്പം ചേരുമെന്നാണ് സൂചന. പെരുമാറ്റച്ചട്ടലംഘന പരാതിയില്‍ റെയില്‍വേക്കും വ്യോമയാന അതോറിറ്റിക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വീണ്ടും നോട്ടീസ് നല്‍കി. ലോക്സഭക്കൊപ്പം നിയമസഭയിലേക്ക് കൂടി തെരഞ്ഞെടുപ്പ് നടക്കുന്ന അരുണാചല്‍ പ്രദേശിലെ അലാവോയിലാണ് നരേന്ദ്ര മോദിയുടെ പ്രചാരണറാലി. പ്രസംഗത്തില്‍ പതിവുപോലെ ബാലക്കോട്ട് വ്യോമാക്രണവും പ്രതിപക്ഷത്തിനെതിരെ ആരോപണവും മോദി വര്‍ഷിച്ചു.

ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് അഹമ്മദബാദില്‍ അമിത് ഷായുടെ റോഡ് ഷോ. രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, ശിവസേന തലവന്‍ ഉദ്ധവ് താക്കറെ തുടങ്ങിയവര്‍ക്കൊപ്പം അമിത് ഷായുടെ മകന്‍ ജെയ് ഷായും റോഡ് ഷോക്കെത്തിയിരുന്നു. ആറ് വട്ടം ഇവിടെ നിന്ന് ജയിച്ച് എല്‍.കെ അദ്വാനിയെ ഒഴിവാക്കിയാണ് അമിത് ഷാ ഗാന്ധിനഗറില്‍ നിന്നും ജനവിധി തേടുന്നത്. അതേസമയം, യു.പിയില്‍ പ്രതിപക്ഷ സഖ്യത്തിന് കനത്ത തിരിച്ചടി നല്‍കി നിഷാദ് പാര്‍ട്ടി സഖ്യം വിട്ടു. ബി.ജെ.പിയിലേക്കെന്ന സൂചന നല്‍കി നിഷാദ് പാര്‍ട്ടി നേതാവ് പ്രവീണ്‍ കുമാര്‍ നിഷാദ് യു.പി മുഖ്യമന്ത്രി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. ഗൊരഖ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സഖ്യസ്ഥാനാര്‍ഥിയായി നിന്ന് ബി.ജെ.പിയെ തറപറ്റിച്ച പ്രവീണ്‍കുമാര്‍ നിഷാദിന് പകരം എസ്.പി അവിടെ പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും ചെയ്തു. ബോര്‍ഡിങ് പാസുകളിലും ടിക്കറ്റിലും മോദിയുടെ ചിത്രം അച്ചടിച്ചതിന് ഇതുവരെ വിശദീകരണം നല്‍കാത്തതിനെത്തുടര്‍ന്നാണ് റയില്‍വേക്കും വ്യോമയാന അതോറിറ്റിക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വീണ്ടും നോട്ടീസ് നല്‍കിയത്. ഇന്ന് തന്നെ മറുപടി നല്‍കണണെന്നാണ് നിര്‍ദേശം.