India National

ഗുജറാത്തിലെ കോവിഡ് വ്യാപനത്തിന് കാരണം ‘നമസ്തേ ട്രംപ്’ പരിപാടി

ഗുജറാത്തിലെ കോവിഡ് വ്യാപനത്തിന് കാരണം അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ സന്ദര്‍ശനത്തെത്തുടര്‍ന്ന് നടന്ന നമസ്തേ ട്രംപ് എന്ന പരിപാടിയാണെന്ന് സംസ്ഥാന കോണ്‍ഗ്രസ്. ബിജെപി സര്‍ക്കാര്‍ ഫെബ്രുവരി 24ന് നടത്തിയ പരിപാടിയാണ് കോവിഡ് വ്യാപനത്തിന് കാരണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അമിത് ചാവ്ഡ പറഞ്ഞു. ഇതിനെത്തുടര്‍ന്ന് വ്യക്തമായ അന്വേഷണം നടത്തണമെന്നും അമിത് ആവശ്യപ്പെട്ടു.

സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതക്കെതിരെ കോടതിയില്‍ കേസ് കൊടുക്കുമെന്നും കോവിഡ് വ്യാപനവും നമസ്തേ ട്രംപ് പരിപാടിയും മുന്‍നിര്‍ത്തി സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും അമിത് പറഞ്ഞു. എന്നാല്‍ ലോകാരോഗ്യ സംഘടന കോവിഡിനെ മഹാമാരിയായി കണക്കാക്കുന്നതിന് മുമ്പാണ് പരിപാടി നടന്നതെന്നും പരിപാടി കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന ബിജെപി ഈ ആരോപണം നിഷേധിച്ചു.

ഫെബ്രുവരി 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്ത് ആയിരങ്ങള്‍ പങ്കെടുത്ത റോഡ് ഷോയില്‍ സാന്നിധ്യമറിയിക്കുകയും മൊട്ടേറ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ലക്ഷങ്ങള്‍ അണിനിരന്ന നമസ്തേ ട്രംപ് എന്ന പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. ഗുജറാത്തില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് മാര്‍ച്ച് 20നാണ്. രാജ്ഘോട്ടിലെ ഒരു വ്യക്തിക്കും സൂറട്ടിലെ ഒരു സ്ത്രീക്കുമാണ് അന്നേദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ ഗുജറാത്തില്‍ 6245 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 368 മരണം സംഭവിക്കുകയും ചെയ്തു.