India National

ഭീകരവാദികളാക്കി ആക്രമിക്കപ്പെടുമെന്ന ഭയം.

റിപ്പബ്ലിക്ക് ദിനത്തില്‍ യാത്ര ഒഴിവാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കി ദാറുല്‍ ഉലൂം ദിയോബന്ദ് മുസ്‍ലിം പഠന കേന്ദ്രം. യാത്ര അനിവാര്യമാണെങ്കില്‍ സംയമനം പാലിച്ച് പോകണമെന്നും ആവശ്യം കഴിഞ്ഞയുടന്‍ സെമിനാരിയിലേക്ക് തിരിച്ചു കയറണമെന്നും ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പതിപ്പിച്ച നോട്ടീസില്‍ പറയുന്നു. ടെലഗ്രാഫ് പത്രമാണ് നോട്ടീസ് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് സ്ഥാപനത്തിനകത്ത് നല്‍കിയ നിര്‍ദേശമാണിതെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പബ്ലിക്ക് ഡേ പോലുള്ള ദിവസത്തില്‍ പോലും രാജ്യത്ത് ഒരു വിഭാഗം ജനങ്ങള്‍ സാധാരണ ജീവിതം പോലും നയിക്കാന്‍ ഭയപ്പെടുന്നുവെന്നത് കാണിക്കാനാണ് റിപ്പോര്‍ട്ടെന്ന് പത്രം പറയുന്നു.

നിരവധി ദിവസത്തെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് നോട്ടീസ് നല്‍കിയതെന്ന് മുതിര്‍ന്ന അധ്യാപകനായ മൗലാനാ മുനീറുദ്ദീന്‍ ഉസ്മാനി പറഞ്ഞു. ”ദേശീയ പ്രധാന്യമുള്ള ദിവസങ്ങളില്‍ ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ ഇതിന് മുമ്പ് അപമാനിക്കപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് പുറത്തിറങ്ങുമ്പോള്‍ അവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.” ഉസ്മാനി പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പ് ദിയോബന്ദ് വിദ്യാര്‍ത്ഥികളെ പൊലീസ് തടഞ്ഞുവെക്കുകയും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഭീകരരാക്കി ചിത്രീകരിക്കുകയും ചെയ്ത സംഭവമുണ്ടായതായി മുന്‍ വിദ്യാര്‍ത്ഥിയായ മുഫ്തി അസദ് ഖാസിമി പറയുന്നു. വിദ്യാര്‍ത്ഥികളെ പിറ്റേ ദിവസം തന്നെ വിട്ടയച്ചെങ്കിലും മാധ്യമങ്ങള്‍ തെറ്റ് തിരുത്താന്‍ തയ്യാറായില്ലെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഖാസിമി പറഞ്ഞു. സഹരന്‍പൂരിലും ഭാഗ്പതിലും കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥികള്‍ അക്രമിക്കപ്പെട്ടിട്ടുണ്ട്. ഈ സംഭവങ്ങളിലൊന്നും പ്രതികളെ കണ്ടെത്താനായിട്ടില്ലെന്നും ഖാസിമി പറഞ്ഞു.

അതേസമയം സംശയത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടാവാമെന്നും എന്നാല്‍ ഒരു പ്രത്യേക സ്ഥാപനത്തില്‍ നിന്നുള്ളവരായത് കൊണ്ട് ആരെയും അപമാനിക്കുന്നതിന് വേണ്ടിയല്ല ചെയ്തതെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.