തമിഴ്‌നാട്ടിൽ ഡി.എം.കെ നേതൃത്വം നൽകുന്ന മുന്നണിയിൽ ജനവിധി തേടുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തങ്ങളുടെ സിറ്റിങ് സീറ്റായ കടയനല്ലൂരിൽ ഇത്തവണയും മത്സരിക്കും. കഴിഞ്ഞ തവണ അഞ്ച് സീറ്റുകളിൽ മത്സരിച്ചിരുന്ന ലീഗിന് ഇത്തവണ മൂന്ന് സീറ്റാണ് ഡി.എം.കെ നൽകിയിരിക്കുന്നത്. മറ്റു രണ്ട് സീറ്റുകൾ തീരുമാനമായിട്ടില്ലെന്ന് ലീഗ് ദേശീയ പ്രസിഡണ്ട് ഖാദർ മൊയ്തീൻ പറഞ്ഞു. ശേഷിക്കുന്ന രണ്ട് സീറ്റുകളുടെ കാര്യത്തിൽ ഇന്നോ നാളെയോ പ്രഖ്യാപനമുണ്ടാകും.
ഡി.എം.കെയുമായുള്ള ചർച്ചയിൽ സിറ്റിങ് സീറ്റായ കടയനല്ലൂരും തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടി, ആമ്പൂർ മണ്ഡലങ്ങളിലെ ഏതെങ്കിലുമൊന്നും പാപനാശം, ചിദംബരം, തിരുവാടാണൈ, തിരുച്ചി കിഴക്ക്, ചെന്നൈ ജില്ലയിലെ ഒരു മണ്ഡലം എന്നിവയിൽ ഏതെങ്കിലുമൊന്നുമാണ് ലീഗ് ആവശ്യപ്പെട്ടത്. ഇതിൽ കടയനല്ലൂർ നൽകാമെന്ന് ധാരണയായി. പരമ്പരാഗതമായി ലീഗ് മത്സരിക്കുന്ന തിരുപ്പത്തൂർ ജില്ലയിലെ ഒരു സീറ്റും മറ്റൊരിടത്ത് ഒരു സീറ്റുമാവും ഇനി ലഭിക്കുക. ഇവയിൽ ആമ്പൂർ ലഭിക്കണമെന്നാണ് ലീഗിന്റെ ആവശ്യം. ഇതിനു പുറമെ പാപനാശം, ചിദംബരം മണ്ഡലങ്ങളിൽ ഒന്നും ലഭിക്കും.
2016-ൽ വാണിയമ്പാടി, കടയനല്ലൂർ, പൂംപുഹർ, വില്ലുപുരം, മണപ്പാറൈ സീറ്റുകളിലാണ് ലീഗ് മത്സരിച്ചിരുന്നത്. ഇതിൽ കടയനല്ലൂർ ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും അണ്ണാ ഡി.എം.കെ സ്ഥാനാർത്ഥികളോട് തോറ്റു. കടയനല്ലൂരിൽ ലീഗിന്റെ മുഹമ്മദ് അബൂബക്കർ കെ.എ.എം അണ്ണാ ഡി.എം.കെയുടെ ഷെയ്ഖ് ദാവൂദിനെ 1194 വോട്ടുകൾക്കാണ് തോൽപ്പിച്ചത്.