India National

മുംബൈയില്‍ കനത്ത മഴ തുടരുന്നു; 12 ട്രെയിനുകള്‍ റദ്ദാക്കി

മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. മഴയിലുണ്ടായ അപകടങ്ങളില്‍ നാല് പേര്‍ മരിച്ചതായാണ് അനൌദ്യോഗിക വിവരം. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായതിനാല്‍ 12 ട്രെയിനുകള്‍ റദ്ദാക്കി. ലോക്മാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസും റദ്ദ് ചെയ്തിട്ടുണ്ട്.

മുംബൈയില്‍ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 100 മുതല്‍ 250 മില്ലീമീറ്റര്‍ വരെ മഴയാണ് പെയ്തത്. മുംബൈ, പുനെ, പല്‍ഗാര്‍ ജില്ലകളിലുണ്ടായ അപകടങ്ങളില്‍ നാല് പേര്‍ മരണപ്പെട്ടു. ഒരാളെ കാണാതായിട്ടുണ്ട്. വെള്ളത്താല്‍ ഒറ്റപ്പെട്ടുപോയ താനെ ജില്ലയിലെ ഖാദാവിലി പ്രദേശത്ത് നിന്ന് വ്യോമ സേന 58 പേരെ രക്ഷപ്പെടുത്തി. റെയില്‍വെ ട്രാക്ക് വെളളത്തില്‍ മുങ്ങിയതിനാല്‍ 12 ട്രെയിനുകള്‍ റദ്ദാക്കി. മറ്റ് പല ട്രെയിനുകളും വഴിതിരിച്ചുവിടുകയും സമയം പുനക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.

നാഷിക്, റെയ്ഗാഡ് രത്നഗിരി ജില്ലകളും വെള്ളപ്പൊക്ക ഭീക്ഷണിയിലാണ്. താനെ, പൂനെ, നാഷിക്, റെയ്ഗാഡ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഐഎംഡിയുടെ മുന്നറിയിപ്പുള്ളതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓഫീസുകളില്‍ വൈകിയെത്തിയാലും മതിയെന്നും, ജനങ്ങള്‍ സുരക്ഷക്ക് മുന്‍ഗണന നല്‍കണമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ട്വീറ്റ് ചെയ്തു.