സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിനും സഹോദരിക്കുമെതിരെ കേസെടുക്കാന്‍ കോടതിയുടെ ഉത്തരവ്. മുംബൈയിലെ ബാന്ദ്ര മെട്രോപോളീറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. കാസ്റ്റിംഗ് ഡയറക്ടറായ സഹില്‍ അഷറഫലി സയ്യിദാണ് പരാതിക്കാരന്‍.
കങ്കണ റണാവത്തും സഹോദരി രംഗോലി ചന്ദേലും സമൂഹമാധ്യമങ്ങളിലൂടെയും, അഭിമുഖങ്ങള്‍ വഴിയും മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചു എന്നാണ് ആരോപണം. പ്രഥമദൃഷ്ട്യാ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയാണ് നടിക്കെതിരെ കേസെടുക്കാന്‍ മുംബൈ പൊലീസിനോട് കോടതി നിര്‍ദേശിച്ചത്.
മുംബൈയെ പാക് അധിനിവേശ കശ്മീരായും ,മുംബൈയിലെ ഓഫീസ് പൊളിച്ച സര്‍ക്കാര്‍ നടപടി രാമക്ഷേത്രം പൊളിച്ച ബാബറിന്റെ നടപടിക്ക് സമാനമായിരുന്നു തുടങ്ങിയ പ്രസ്താവനകള്‍ വിവാദമായിരുന്നു. ഇത് പിന്നീട് മഹാരാഷ്ട്ര സര്‍ക്കാരുമായുള്ള പരസ്യപോരിന് കാരണമാവുകയും ചെയ്തിരുന്നു.