India

ഇന്ത്യക്കാർക്കായി മോൾഡോവ അതിർത്തി തുറന്നു; എത്തിയത് അറുന്നൂറോളം പേർ

യുക്രൈനിലെ ഇന്ത്യക്കാർക്കായി മോൾഡോവ അതിർത്തി തുറന്നു. ഒഡെസിയിൽ നിന്ന് പലങ്ക അതിർത്തി വഴി മോൾഡോവയിലെത്തിയത് അറുന്നൂറോളം പേരാണ്. മോൾഡോവ സർക്കാർ താമസ സൗകര്യം ഒരുക്കിയിയെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. രക്ഷാ ദൗത്യത്തിന് മോൾഡോവയുടെ സഹായം ഇന്ത്യ തേടിയിരുന്നു. മോൾഡോവ വിദേശകാര്യ മന്ത്രിയെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫോണിൽ ബന്ധപ്പട്ടിരുന്നുട്ടു. മോൾഡോവൻ അതിർത്തിയിലൂടെ ഇന്ത്യക്കാർക്ക് പ്രവേശിക്കാൻ അവസരം ഒരുക്കണമെന്ന് എസ് ജയശങ്കർ ആവശ്യപ്പെട്ടിരുന്നു.

ഇന്ന് മുതൽ അഞ്ച് രാജ്യങ്ങൾ വഴിയാകും ഇന്ത്യക്കാരെ തിരികെ നാട്ടിൽ എത്തിക്കുക. യുക്രൈന്റെ ഹംഗറി, പോളണ്ട്, സ്ലോവാക്യ, റൊമാനിയ അതിർത്തികളിലൂടെ കൂടുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം. ഇതിനു പുറമേ മോൾഡോവ വഴിയും സംഘമെത്തും. ഇന്ത്യക്കാരെ വളരെ വേഗത്തിൽ തിരിച്ചെത്തിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഇന്നലെ അടിയന്തര യോഗം ചേർന്നിരുന്നു. ഇന്നുമുതൽ അഞ്ച് രാജ്യങ്ങൾ വഴി രക്ഷാദൗത്യം ഊർജിതമാക്കാനാണ് തീരുമാനം.

അതേസമയം യുക്രൈൻ അതിർത്തികളിലേക്ക് കേന്ദ്രമന്ത്രിമാരെ അയക്കും. യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിന് മേൽനോട്ടം വഹിക്കാനാണ് കേന്ദ്രമന്ത്രിമാരെ അതിർത്തികളിലേക്ക് അയക്കുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
നാല് കേന്ദ്രമന്ത്രിമാരെയാണ് യുക്രൈനിന്റെ അയൽ രാജ്യങ്ങളിലേക്ക് അയക്കുന്നത്. ഹർദീപ് സിംഗ് പൂരി ,ജ്യോതിരാദിത്യ സിന്ധ്യ ,കിരൺ റിജിജു ,വികെ സിംഗ് എന്നിവരാണ് അയൽരാജ്യങ്ങളിലേക്ക് പോകുന്ന കേന്ദ്രമന്ത്രിമാർ. മന്ത്രിമാർ ‘ഓപ്പറേഷൻ ഗംഗ ‘ രക്ഷാദൗത്യം ഏകോപിപ്പിക്കുമെന്നും യോഗത്തിൽ തീരുമാനമായി.