ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലെത്തും. 22ന് ഹൂസ്റ്റണില്‍ മോദിക്ക് നല്കുന്ന ഹൌഡി മോദി സ്വീകരണ ചടങ്ങില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുക്കും. 27 ന് ഐക്യരാഷ്ട്ര സഭയുടെ പൊതു സഭയെ മോദി അഭിസംബോധന ചെയ്യും.
വിവിധ ലോകനേതാക്കളുമായി ചര്‍ച്ചകൾ നടത്തുന്നതിനു മികച്ച അവസരമാണ് യുഎസിൽനിന്നു ലഭിക്കുന്നത്. പസഫിക് ദ്വീപ് രാഷ്ട്രങ്ങളുമായും കരീബിയൻ രാജ്യങ്ങളുമായും ഇന്ത്യ ചർച്ചകൾ നടത്തുമെന്നും യാത്രക്ക് മുന്‍പായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഇന്ന് ടെക്സസില്‍ ഊര്‍ജ്ജ കമ്പനി മേധാവികളുമായി നടത്തുന്ന ചര്‍ച്ചയാണ് മോദിയുടെ ആദ്യ പരിപാടി. 22 നാണ് ഇന്ത്യ ഉറ്റു നോക്കുന്ന ഹൗഡി മോദി പരിപാടി. ചടങ്ങില്‍ വമ്പന്‍ പ്രഖ്യാപനമുണ്ടായേക്കാമെന്ന് ട്രംപ് പ്രതികരിച്ചിരുന്നു. ട്രംപിന്റെ പ്രസ്താവനയില്‍ ഏറെ പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്. പരിപാടിയിൽ പങ്കെടുക്കാൻ അരലക്ഷം ഇന്ത്യക്കാരാണ് പേരു രജിസ്റ്റർ ചെയ്തത്. ഇതാദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും സംയുക്തമായി ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്യുന്നുവെന്ന പ്രത്യേകതയും ഹൗഡി മോദിക്കുണ്ട്.