ഭരിയ്ക്കാന്‍ ഒരവസരം കൂടി നല്‍കിയാല്‍ ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്ടിലെ വിണ്ടല്ലൂരില്‍ ആദ്യ എന്‍.ഡി.എ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കുകയായിരുന്നു മോദി. തമിഴ് വികാരം ഇളക്കിയായിരുന്നു മോദിയുടെ പ്രസംഗം.
തമിഴ്നാട്ടില്‍ കേന്ദ്രം നടപ്പാക്കിയ വികസന പദ്ധതികള്‍ എണ്ണി പറഞ്ഞായിരുന്നു മോദിയുടെ പ്രസംഗം. ഒപ്പം തമിഴ്നാട്ടുകാരുടെ വികാരങ്ങളായ എം.ജിആറിനെയും ജയലളിതയെയും വാനോളം പുകഴ്ത്തി. പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിയ്ക്കാനും മറന്നില്ല. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷന് എം.ജി.ആറിന്റെ പേരിടണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിന് അംഗീകാരം, ശ്രീലങ്കൻ സൈന്യം പിടിച്ചു കൊണ്ടുപോയ തമിഴ് മത്സ്യ തൊഴിലാളികളെ മോചിപ്പിക്കാൻ നടത്തിയ ശ്രമങ്ങള്‍, തമിഴ്നാട്ടിലേക്കും തിരിച്ചുമുള്ള വിമാനങ്ങളിൽ തമിഴിൽ അറിയിപ്പുകൾ നൽകാനുള്ള നടപടി, അങ്ങനെ പ്രസംഗത്തിലുടനീളം ഉയര്‍ന്നു കേട്ടത്, തമിഴ് വികാരം മാത്രം. എന്‍.ഡി.എ സഖ്യത്തിലേയ്ക്കെത്തിയ, പാട്ടാളി മക്കൾ കക്ഷി, പുതിയ തമിഴകം, പുതിയ നീതി കക്ഷി, എൻ.ആർ.കോൺഗ്രസ് എന്നിവരും റാലിയില്‍ പങ്കെടുത്തു.