India National

നിര്‍ഭയ കേസില്‍ വധശിക്ഷക്ക് സ്റ്റേ ഇല്ല; പ്രതി മുകേഷ് സിങ് ദയാഹരജി നല്‍കി

സുപ്രീംകോടതി തിരുത്തല്‍ ഹരജി തള്ളിയതിന് പിന്നാലെ ‌ഡൽഹി നിർഭയ കൂട്ടബലാത്സംഗ കൊലപാതക കേസിലെ പ്രതി മുകേഷ് കുമാര്‍ സിങ് രാഷ്ട്രപതിക്ക് ദയാഹരജി നല്‍കി. ഇതിന് പുറമെ വിചാരണ കോടതി പുറപ്പെടുവിച്ച മരണ വാറണ്ട് ചോദ്യം ചെയ്ത് മുകേഷ് സിങ് ‌ഡല്‍ഹി ഹൈക്കോടതിയെയും സമീപിച്ചു.

വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളായ വിനയ് ശര്‍മയുടെയും മുകേഷ് സിങിന്‍റെയും തിരുത്തല്‍ ഹരജികൾ സുപ്രീംകോടതി ഇന്ന് തള്ളിയതിന് പിന്നാലെയാണ് മുകേഷ് രാഷ്ട്രപതിക്ക് ദയാഹരജി നൽകിയത്. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് ചേംബറില്‍ പരിഗണിച്ചാണ് ഹരജികള്‍ തള്ളിയത്. ദയാഹരജി രാഷ്ട്രപതി ഉടന്‍ തീര്‍പ്പാക്കിയേക്കുമെന്നാണ് സൂചന.

ദയാഹരജി നല്‍കിയതിന് പുറമെ വിചാരണക്കോടതി പുറപ്പെടുവിച്ച മരണ വാറണ്ട് ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയെയും മുകേഷ് സമീപിച്ചു. മരണ വാറണ്ട് റദ്ദാക്കണമെന്ന് കാണിച്ച് നല്‍കിയ റിട്ട് ഹരജി ഡല്‍ഹി ഹൈകോടതി ഡിവിഷണ്‍ ബഞ്ച് നാളെ പരിഗണിക്കും. ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ജസ്റ്റിസ് സംഗീത ദിംഗ സെഹ്ഗാളാണ് ബഞ്ചിലെ മറ്റൊരു ജഡ്ജി.

ദയാഹരജി തള്ളിയാൽ ഈ മാസം 22ന് വധശിക്ഷ നടപ്പാക്കാന്‍ ആയേക്കില്ല. ‌‌ദയാഹരജി തള്ളിയ ശേഷം ‌14 ദിവസത്തെ സാവകാശം പ്രതികള്‍ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. ‌കേസിലെ മറ്റ് പ്രതികളായ പവന്‍ കുമാര്‍ ഗുപ്ത, അക്ഷയ് എന്നിവര്‍ തിരുത്തല്‍ ഹരജികള്‍ നല്‍കിയേക്കുമെന്നും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ അതും തീര്‍പ്പാക്കിയ ശേഷമേ വധശിക്ഷ നടപ്പാക്കാനാകൂ.