ബി.ജെ.പിയുമയി ഒരുതരത്തിലുള്ള സഖ്യത്തിനും ഒരുക്കമല്ലെന്ന് മായാവതി. രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കേണ്ടി വന്നാലും ബി.ജെ.പിയുടെ കൂട്ട് പിടിക്കില്ലെന്നും ബി.എസ്.പി അധ്യക്ഷ പറഞ്ഞു.
സമാജ്വാദി പാർട്ടി സ്ഥാനാർഥികളെ തോൽപ്പിക്കണമെന്ന് മായാവതി ആഹ്വാനം ചെയ് തതിന് പിന്നാലെയാണ് അവർ ബി.ജെ.പിക്കൊപ്പം പോകുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്. എന്നാൽ ബി.ജെ.പിയെ പോലൊരു വർഗീയ പാർട്ടിയുമായി സഹകരിക്കുന്നതിലും നല്ലത് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതാണെന്ന് മായാവതി അഭിപ്രായപ്പെട്ടു.
‘ബി.എസ്.പിയും ബി.ജെ.പിയും തമ്മിലുള്ള സഖ്യം വരാനിരിക്കുന്ന ഒരു തെരഞ്ഞെടുപ്പുകളിലും സാധ്യമാവില്ല. വർഗീയ പാർട്ടിയുമായി സഹകരിച്ച് മത്സരിക്കാൻ ബി.എസ്.പിക്ക് സാധിക്കില്ല. എല്ലാവർക്കും എല്ലാ മതങ്ങൾക്കും ഗുണമുണ്ടാകണമെന്നാണ് ബി.എസ്.പി ആഗ്രഹിക്കുന്നത്. ഇതിന് നേർവിപരീതമാണ് ബി.ജെ.പിയുടെ രാഷ്ട്രീയം. വർഗീയവും, മതപരവും മുതലാളിത്ത വ്യവസ്ഥിതിയിൽ ഊന്നിയതുമായ ബി.ജെ.പി പ്രത്യയശാസ്ത്രത്തോട് ചേർന്ന് നിൽക്കാൻ ബി.എസ്.പിക്ക് ഒരിക്കലും ആവില്ല’ മായാവതി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അടുത്തിടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ സമാജ്വാദി പാർട്ടി സ്ഥാനാർഥികളെ തോൽപ്പിക്കാൻ ബി.ജെ.പിക്കോ മറ്റേതെങ്കിലും പാർട്ടികൾക്കോ ബി.എസ്.പി വോട്ട് ചെയ്യുമെന്ന് മായാവതി നേരത്തെ പറഞ്ഞിരുന്നു. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ മായാവതിയുടെ നിലപാടിനെതിരേ രംഗത്തെത്തിയിരുന്നു.