India National

കര്‍ഷക രോഷത്തില്‍ രാജ്യം: റോഡ്, റെയില്‍ ഗതാഗതം തടഞ്ഞു

പഞ്ചാബ് – ഹരിയാനയിൽ പ്രതിഷേധം തുടരുന്നു. സമരത്തിന് പിന്തുണയുമായി പത്തോളം തൊഴിലാളി സംഘടനകളും പ്രതിപക്ഷ പാർട്ടികളും

കേന്ദ്ര സർക്കാരിന്റെ കാർഷിക വിരുദ്ധ ബില്ലുകൾക്കെതിരെയുള്ള പ്രതിഷേധം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തുടരുന്നു. പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇന്നും ട്രെയിൻ തടഞ്ഞുള്ള പ്രതിഷേധങ്ങൾ ഉണ്ടാകും. അടുത്ത മാസം ഒന്ന് മുതൽ അനിശ്ചിതകാല സമരവും പഞ്ചാബിൽ വിവിധ കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

കർഷക സംഘടകൾക്കൊപ്പം തൊഴിലാളി സംഘടനകളും കേന്ദ്രസർക്കാരിനെതിരെ ശക്തമായ സമരത്തിനൊരുങ്ങുകയാണ്. വിവിധ തൊഴിലാളി സംഘടനകൾ ഒരുമിച്ച് ഇക്കാര്യത്തിൽ ധാരണയിലെത്തുമെന്നാണ് സൂചന. ഇന്നലത്തെ ഭാരത് ബന്ദിൽ കേന്ദ്രസർക്കാറിനെതിരെ അതിശക്തമായ പ്രക്ഷോഭമാണ് അരങ്ങേറിയത്.‌

265 കർഷക സംഘടനകൾ ചേർന്ന് പ്രഖ്യാപിച്ച പ്രക്ഷോഭത്തിൽ രാജ്യത്തിന്റ വിവിധ ഭാ​ഗങ്ങളിൽ റോഡ് – റെയിൽ ​ഗതാ​ഗതം തടഞ്ഞു. ബിൽ പിൻവലിക്കും വരെ സമരം തുടരുമെന്ന് പ്രതിഷേധകർ ദേശീയ മാധ്യമങ്ങളെ അറിയിച്ചു. പത്തോളം തൊഴിലാളി സംഘടനകളും പ്രതിപക്ഷ പാർട്ടികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

എന്നാൽ കർഷക ബിൽ ചരിത്രപരമായ മുന്നേറ്റമാണെന്ന് അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷം കർഷകരെ തെറ്റിധരിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി.