India National

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൂടുതല്‍ നേതാക്കള്‍; രാജിയിലുറച്ച് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധിക്കൊപ്പം ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൂടുതല്‍ നേതാക്കള്‍. പരാജയത്തിന്റെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്ന് വ്യക്തമാക്കിയാണ് നേതാക്കളുടെ നീക്കം.സമ്മര്‍ദ്ദം ശക്തമായിട്ടും രാജിയില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി.

മാസം ഒന്ന് കഴിഞ്ഞിട്ടും രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നുള്ള രാജി പ്രഖ്യാപനം ഉണ്ടാക്കിയ പ്രതിസന്ധിക്ക് പരിഹാരം കാണാനായിട്ടില്ല. രാഹുല്‍ ഗാന്ധി നിലപാട് മാറ്റുമെന്ന പ്രതീക്ഷയായിരുന്നു നേതാക്കള്‍ക്ക്. കഴിഞ്ഞ ദിവസം സോണിയാ ഗാന്ധി വിളിച്ച ലോക്സഭ എം.പിമാരുടെ യോഗത്തിലും രാഹുല്‍ രാജിയില്‍ ഉറച്ച് നില്‍ക്കുന്നതായി അറിയിച്ചതോടെയാണ് കൂടുതല്‍ നേതാക്കള്‍ രാജി വക്കാന്‍ തീരുമാനിച്ചത്. പി.സി.സി അധ്യക്ഷന്‍മാര്‍, വര്‍ക്കിങ് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, യൂത്ത് കോണ്‍ഗ്രസ് – മഹിള കോണ്‍ഗ്രസ്- സേവാദള്‍ നേതാക്കള്‍, വിവിധ സെല്ലുകളുടെ തലവന്‍മാര്‍ അടക്കമുള്ളവരാണ് രാജി കത്ത് നല്‍കിയിട്ടുള്ളത്.

നിയമസഭ തെരഞ്ഞെടുപ്പുകള്‍ അടക്കം അടുത്തെത്തിയ സാഹചര്യത്തില്‍ പ്രതിസന്ധി നീട്ടികൊണ്ടുപോകാനാകില്ലെന്ന വിലയിരുത്തലാണ് നേതാക്കളുടെ നീക്കത്തിന് പിന്നില്‍. അനുദിനം നിരവധി നേതാക്കള്‍ തീരുമാനം പുനഃപരിശോധിക്കാനാവശ്യപ്പെട്ട് രാഹുലിനെ കാണുന്നുണ്ട്. പക്ഷെ നേതാക്കളുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കുന്നതല്ലാതെ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് രാഹുല്‍ സന്നദ്ധനാകുന്നില്ല.