India National

ചിദംബരത്തിന്റെ കസ്റ്റഡി തുടരുന്നതിൽ ആശങ്കയെന്ന് മൻമോഹൻ സിങ്

മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ കസ്റ്റഡി തുടരുന്നതിൽ ആശങ്ക അറിയിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. സർക്കാർ സംവിധാനത്തിൽ ഒന്നും ഒരാൾ തനിച്ച് എടുക്കുന്ന തീരുമാനങ്ങൾ അല്ല. ഒരു ഡസൺ സെക്രട്ടറിമാർ ഒപ്പ് വച്ച ഫയലിൽ ആണ് ചിദംബരവും ഒപ്പുവെച്ചത്. ഉദ്യോഗസ്ഥർ ചെയ്തതിൽ തെറ്റ് ഇല്ലെങ്കിൽ ചിദംബരത്തിന് മേൽ കുറ്റം ആരോപിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല. ഫയലിൽ ഒപ്പ് വക്കുന്ന കേന്ദ്രമന്ത്രി ഉത്തരവാദി ആവുകയാണെങ്കിൽ സർക്കാർ സംവിധാനങ്ങൾ തകരും. കോടതി നീതി നടപ്പിലാക്കുമെന്ന് വിശ്വാസമുണ്ടെന്നും മൻമോഹൻ സിങ് പ്രസ്താവനയില്‍ അറിയിച്ചു.

ഐ.എന്‍.എക്സ് മീഡിയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ചിദംബരത്തെ സോണിയ ഗാന്ധിയും മൻമോഹൻ സിങും ഇന്നലെ സന്ദർശിച്ചു. കള്ളപ്പണ കേസിൽ തിഹാറിൽ കഴിയുന്ന ഡി.കെ ശിവകുമാറിനെയും കണ്ടു. ഇരുവർക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

സെപ്തംബർ 5 മുതൽ തിഹാർ ജയിലിലാണ് പി ചിദംബരം. കേന്ദ്ര സർക്കാർ കോൺഗ്രസ് നേതാക്കളെ രാഷ്ട്രീയമായി വേട്ടയാടുന്നു എന്നാണ് കോൺഗ്രസ് നിലപാട്. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരവും ഒപ്പം ഉണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും മോദി സർക്കാരിന്റെ രാഷ്ട്രീയ വേട്ടയാടൽ കോൺഗ്രസ് മുഖ്യവിഷയമായി ഉന്നയിക്കും.