India National

മൻമോഹൻ സിംഗ് ഇടക്കാല അധ്യക്ഷനായേക്കും

കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷനായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ പരിഗണിക്കുന്നതായി വിവരം. നിലവിലെ സംഘടനകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ വർക്കിംഗ് പ്രസിഡന്റ് ആക്കാനും സാധ്യതയുണ്ട്. ശനിയാഴ്ച യോഗം ചേരാനിരിക്കെ പേരുകളിൽ ധാരണയിൽ എത്താനുള്ള ചർച്ചകളിലാണ് നേതാക്കൾ.

നിരവധി പേരുകളാണ് അധ്യക്ഷ പദവിയിലേക്ക് നേതാക്കൾ ഉന്നയിച്ചത്. പരിചയ സമ്പന്നരും യുവാക്കളുമായി നിരവധി പേരുകൾ വന്നതിൽ നിന്നും അഭിപ്രായ ഭിന്നതയെ തുടർന്ന് ഒറ്റ പേരിലേക്ക് എത്താനായില്ല. തുടർന്നാണ് സമവായ നീക്കമെന്നോണം മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിലേക്ക് എത്തിയതെന്നാണ് വിവരം.

എല്ലാവർക്കും സ്വീകാര്യനായ നേതാവ്, ബി.ജെ.പി നീക്കങ്ങളെ പ്രതിരോധിക്കാൻ പാർട്ടിയെ ശക്തമാക്കാൻ കഴിയുന്ന നേതാവ് എന്നീ വിലയിരുത്തലുകളോടെയാണ് നീക്കം. വർക്കിംഗ് പ്രസിഡന്റായി ഊർജ്ജസ്വലനും ഗാന്ധി കുടുംബത്തോട് അടുത്തുനിൽക്കുന്ന നേതാവെന്ന നിലയിലും കെ.സി വേണുഗോപാലിനെ നിയമിച്ചേക്കും.

മൻമോഹൻസിങ് മാറി നിൽക്കുകയാണെങ്കിൽ വേണുഗോപാൽ അധ്യക്ഷൻ ആകാനും സാധ്യതയുണ്ട് എന്നാണ് വിവരം. അങ്ങനെയെങ്കിൽ വർക്കിംഗ് പ്രസിഡന്റ് ആയി സുശീൽ കുമാർ ഷിൻ ഡെ,മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്നിക് എന്നിവരിൽ ഒരാൾ വന്നേക്കും. എന്നാൽ മുതിർന്ന നേതാക്കളിൽ ഒരു വിഭാഗത്തിന് വേണുഗോപാൽ വരുന്നതിൽ എതിർപ്പുണ്ട്.കെ.സി വേണുഗോപാൽ കഴിഞ്ഞ ദിവസം വിളിച്ച ജനറൽസെക്രട്ടറിമാരുടെ യോഗത്തിൽ നിന്ന് ചില നേതാക്കൾ വിട്ടുനിന്നിരുന്നു.

അതേസമയം പ്രിയങ്ക അധ്യക്ഷയായി വരണമെന്ന ആവശ്യം ഉന്നയിക്കുന്ന വലിയ ഭാഗം നേതാക്കളുണ്ട്. പ്രിയങ്ക ഇല്ലെങ്കിൽ സച്ചിൻ പൈലറ്റോ ജോതിരാദിത്യ സിന്ധ്യയോ വരട്ടെ എന്നാണ് നിലപാട്. അനൗദ്യോഗിക ചർച്ചകളിൽ ധാരണയിലെത്തി പ്രവർത്തക സമിതിയിൽ അവതരിപ്പിക്കാനാണ് നീക്കം. ആദ്യം ഇടക്കാല അധ്യക്ഷനെ തെരഞ്ഞെടുത്ത് പിന്നീട് അധ്യക്ഷ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം.